‘രാഹുലിനെതിരെ ബിജെപിയുടെ പ്രതികാരം; കോൺഗ്രസ് വനിതാ എംപിമാരുടെ പരാതിയിൽ എന്തുകൊണ്ട് കേസില്ല’
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ കേസ്, അംബേദ്കർ പരാമർശം നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് കെ.സി.വേണുഗോപാൽ. രാഹുലിനെതിരെ എടുത്ത കേസിനെ ബഹുമതിയായാണ് കാണുന്നതെന്നും വേണുഗോപാൽ എക്സിൽ കുറിച്ചു.
‘‘ബിജെപിയുടെ രാഷ്ട്രീയ പ്രതികാരം മൂലം 26 കേസുകൾ രാഹുൽ ഗാന്ധിക്കെതിരെയുണ്ട്. ഈ എഫ്ഐആർ ജാതിചിന്ത വച്ചുപുലർത്തുന്ന ആർഎസ്എസ്–ബിജെപി ഭരണകൂടത്തിനെതിരായി നിലകൊള്ളുന്നതിൽ നിന്ന് അദ്ദേഹത്തെയോ കോൺഗ്രസിനെയോ തടയില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് വനിതാ എംപിമാർ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുക്കാത്തത് എന്താണ്?’’- വേണുഗോപാൽ ചോദിച്ചു.
ആഭ്യന്തര മന്ത്രിയുടെ അംബേദ്കർ പരാമർശത്തിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് വളപ്പിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. നിയമോപദേശം ലഭിച്ച ശേഷമാണു നടപടിയെന്നാണു പൊലീസ് വിശദീകരണം. എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് ബിജെപി എംപിമാർ രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരുക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു.