ലഹരിയിൽ ആൾക്കൂട്ടത്തിനിടയിലൂടെ കാറോടിച്ചത് 400 മീറ്റർ; മരണം നാലായി; 160 ലധികം പേർക്ക് പരുക്ക്
Mail This Article
ബർലിൻ ∙ ജർമനിയിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ മരണം 4 ആയി. 160 ലധികം പേർക്കു പരുക്കുണ്ട്. ഇതിൽ 41 പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച അൻപതുകാരനായ സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. സാക്‌സോണി-അൻഹാൾട്ടിൽ താമസിക്കുന്ന ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് സൂചന.
അറസ്റ്റിലായ സൗദി പൗരനെക്കുറിച്ച് ജർമൻ അധികൃതർക്കു സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിയുടെ എക്‌സ് അക്കൗണ്ടിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തീവ്രവാദ നിലപാടുകൾ പോസ്റ്റ് ചെയ്തിരുന്നെന്നായിരുന്നു മുന്നറിയിപ്പ്. ജർമനിയിലെ തീവ്രവലതു പക്ഷ പ്രസ്ഥാനമായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) യോട് പ്രതി അനുഭാവം പുലർത്തിയിരുന്നതായാണ് വിവരം.
2016 ഡിസംബർ 19ന് ബര്‍ലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആ ആക്രമണത്തിന്റെ എട്ടാം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച സമാനമായ അപകടം.