ബെംഗളൂരുവിൽ ദേശീയപാതയിൽ കാറിനു മുകളിലേക്ക് ലോറി മറിഞ്ഞു; ദമ്പതികൾക്കും 4 മക്കൾക്കും ദാരുണാന്ത്യം
Mail This Article
ബെംഗളുരു∙ ബെംഗളുരു–തുമക്കുരു ദേശീയപാതയിൽ നെലമംഗലയിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ആറുപേർ മരിച്ചു. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.
വളരെ തിരക്കേറിയ ബെംഗളുരു–തുമക്കുരു ആറുവരി ദേശീയപാതയിലൂടെ അപകടത്തിൽ ഇരുവാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്തുണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. ക്രെയിൻ എത്തിച്ച് കാറിനുമുകളിൽനിന്നു കണ്ടെയ്നർ മാറ്റിയത് ഏറെ സഹാസപ്പെട്ടാണ്. തുടർന്ന് കാറിനുള്ളിൽ നിന്ന് അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി വിജയപുരയിലേക്ക് പോവുകയായിരുന്നു ചന്ദ്രയാഗപ്പയും കുടുംബവും. കഴിഞ്ഞ ഒക്ടോബറിലാണ് ആഡംബര കാർ ഇവർ വാങ്ങുന്നത്. മൃതദേഹം നെലമംഗലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മൂന്നു കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായി.