‘ഇനിയൊരു അവസരത്തിന് അർഹതയില്ല, ഈ സർക്കാരിനെ താഴെയിറക്കും’: ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
Mail This Article
ടൊറന്റോ∙ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. ട്രൂഡോ സർക്കാരിനെ താഴെയിറക്കാൻ വോട്ടുചെയ്യുമെന്നറിയിച്ച് ട്രൂഡോയുടെ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയിലെ ജഗ്മീത് സിങ് പറഞ്ഞു. കാനേഡിയൻ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലാണ് ട്രൂഡോയ്ക്കെതിരെ ജഗ്മീത് സിങ് രംഗത്തെത്തിയിരിക്കുന്നത്.
‘‘ശക്തരായവർക്കുവേണ്ടിയല്ല, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെ കർത്തവ്യം നിറവേറ്റുന്നിൽ ട്രൂഡോ പരാജയപ്പെട്ടു. ലിബറലുകൾക്ക് മറ്റൊരു അവസരത്തിനുള്ള അർഹതയില്ല. അതുകൊണ്ട്, ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരിനെ തിരഞ്ഞെടുക്കുന്നതിന് ജനങ്ങൾക്ക് അവസരം നൽകുന്നതിനായി ഈ സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി വോട്ട് ചെയ്യും. ലിബറൽ പാർട്ടിയെ ആരാണ് നയിക്കുന്നതെന്നതിൽ ഇനി പ്രസക്തിയില്ല, ഈ സർക്കാരിന്റെ കാലം കഴിഞ്ഞു. അടുത്ത സമ്മേളനത്തിൽ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.’’ – കത്തിൽ ജഗ്മീത് സിങ് പറയുന്നു.
‘‘ഞാൻ ജസ്റ്റിൻ ട്രൂഡോയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നു. അദ്ദേഹം അത് ചെയ്തേ പറ്റൂ. അദ്ദേഹത്തിന് ആരോഗ്യരംഗം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. ജനങ്ങൾക്ക് താങ്ങാനാകുന്ന വീടുകൾ നിർമിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. നിങ്ങളുടെ ബില്ലുകൾ കുറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.’’ – ജഗ്മീത് സിങ് ചൂണ്ടിക്കാട്ടി. തന്റെ അടുത്ത പോരാട്ടം പിയേ പോയ്‌ലീയെവ്റ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
എൻഡിഎയുടെ പിന്തുണ കൂടി നഷ്ടപ്പെട്ടതോടെ ലിബറൽ സർക്കാരിന്റെ നില കൂടുതൽ വഷളായിരിക്കുകയാണ്. ആദ്യത്തെ അവിശ്വാസ പ്രമേയത്തെ മറികടക്കാൻ ലിബറൽ പാർട്ടിയെ സഹായിച്ചത് എൻഡിഎ ആയിരുന്നു.