നരേന്ദ്ര മോദിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; വാണിജ്യ, പ്രതിരോധ സഹകരണം ചർച്ചയാകും
Mail This Article
കുവൈത്ത് സിറ്റി ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നരേന്ദ്ര മോദിയെ സ്വീകരിച്ചു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. വാണിജ്യ, പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം സന്ദർശനത്തിൽ ചർച്ച ചെയ്യും. 1981 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലെത്തിയത്. സന്ദർശനത്തിനിടെ, രാമായണവും മഹാഭാരതവും അറബിയിലേക്കു വിവർത്തനം ചെയ്ത അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൽ ലത്തീഫ് അൽ നെസെഫിനെയും നേരിട്ടു കണ്ട് മോദി അഭിനന്ദിച്ചു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് പതിപ്പുകളിൽ പ്രധാനമന്ത്രി ഒപ്പുവച്ചു നൽകി. മൻ കീ ബാത്തിൽ ഇവരുടെ പ്രവർത്തനത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു.
മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഏക ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യമായിരുന്നു കുവൈത്ത്. നിലവിൽ ജിസിസി പ്രസിഡന്റ് സ്ഥാനം കുവൈത്തിനാണ്. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ ഈ മാസം ആദ്യം മോദിയെ സന്ദർശിച്ച് കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി സെപ്റ്റംബറിൽ ന്യൂയോർക്കിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലും ഇന്ത്യ – കുവൈത്ത് സഹകരണം ചർച്ചയായിരുന്നു.
കുവൈത്തിൽ നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മോദി പങ്കെടുക്കും. കുവൈത്തിലെ ലേബർ ക്യാംപും പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും. 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തിലുണ്ട്; രാജ്യത്തെ ആകെ ജനസംഖ്യയുടെ 21%, അവിടത്തെ തൊഴിൽ വിഭാഗത്തിന്റെ 30 ശതമാനവുമാണിത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം കൂടിയാണ് ഇന്ത്യക്കാരുടെത്.
വാണിജ്യ–വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മിൽ ഏറെ ശക്തമായ ബന്ധമുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണു കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 3% കുവൈത്തിൽ നിന്നാണ്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ.