പുനരധിവാസ പട്ടിക: ഇനിയും ഒട്ടേറെ പേർ ഉൾപ്പെടാനുണ്ടെന്ന് ദുരന്തബാധിതർ; കരട് പട്ടിക മാത്രമെന്ന് സർക്കാർ
Mail This Article
കൽപറ്റ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ കരടു പട്ടിക അംഗീകരിക്കില്ലെന്ന് ദുരിതബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെ പേർ ഉൾപ്പെടാനുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. എന്നാൽ ഇതു കരടു പട്ടിക മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു.
388 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പുനരധിവാസ കരട് പട്ടിക പുറത്തിറക്കിയത്. എന്നാൽ പട്ടികയിൽ 10, 11,12 വാർഡുകളിലെ നിരവധി കുടുംബങ്ങൾ വിട്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അഞ്ഞൂറിലധികം കുടുംബങ്ങളുടെ വീട് പൂർണമായും നശിച്ചിട്ടുണ്ട്. അതിൽ 120 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ 15 ദിവസത്തെ ഇടവേളയുണ്ടെന്നും പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഇക്കാര്യം പരാതിപ്പെടാമെന്നും അധികൃതർ പറഞ്ഞു.
അവരെക്കൂടി ഉൾപ്പെടുത്തി 30 ദിവസത്തിനകം പട്ടിക പുനഃപ്രസിദ്ധീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദുരന്തബാധിതരായ ഒരാളെപ്പോലും പട്ടികയിൽ ഉൾപ്പെടുത്താതിരിക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ഘട്ടം ഘട്ടമായി പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. എന്നാൽ ഇതും അംഗീകരിക്കാനാവില്ലെന്ന് മേപ്പാടി ജനപ്രതിവിധികളും ആക്ഷൻ കമ്മിറ്റിയും ജനങ്ങളും പറയുന്നു. ഒറ്റഘട്ടത്തിൽ പുനരധിവാസം പൂർത്തിയാക്കണമെന്നാണ് അവരുടെ ആവശ്യം.