‘പോടാ പുല്ലേ...’: ബാങ്കിലെത്തിയ സാബുവിനോട് ജീവനക്കാരൻ; ‘ട്രാപ്പിൽ പെട്ടുപോയെന്ന് പറഞ്ഞ് കരഞ്ഞു’
Mail This Article
കട്ടപ്പന∙ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് ഭാര്യ മേരിക്കുട്ടി. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. ചികിത്സ ആവശ്യത്തിനുള്ള പണത്തിനായാണ് ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നും മേരിക്കുട്ടി പറഞ്ഞു.
സാബു ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരനായ ബിനോയ് മോശമായി പെരുമാറി. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞു. ഇതിനു പിന്നാലെയാണ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.ആര്‍. സജി ഭീഷണിപ്പെടുത്തിയത്. ട്രാപ്പില്‍ പെട്ടെന്ന് സാബു പറഞ്ഞു. വലിയ വിഷമത്തിലായിരുന്നു. ഇനി കിട്ടാനുള്ളത് 14 ലക്ഷം രൂപയാണ്. ഒന്നരവര്‍ഷമായി ബാങ്കില്‍ കയറിയിറങ്ങുന്നു. സാബുവിനെതിരായ ആരോപണം പണം നല്‍കാതിരിക്കാനുള്ള അടവാണ്. സാബുവിനെ ദ്രോഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മേരിക്കുട്ടി ആവശ്യപ്പെട്ടു.
സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് മേരിക്കുട്ടിയുടെ പ്രതികരണം. സാബുവിനെ ബാങ്ക് ഭരണസമിതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ ബന്ധു ആരോപിച്ചിരുന്നു. അടിമേടിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമായിരുന്നു സജിയുടെ ഭീഷണി.
സാബുവിന്റെ മരണത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.
മേരിക്കുട്ടിയുടെ വാക്കുകൾ:
‘‘ഞങ്ങൾ 2007 തൊട്ട് ബാങ്കിൽ പൈസ ഇടുന്നതാണ്. സൊസൈറ്റിയിൽ ജോലിയുള്ള പുള്ളിക്കാരി കുറച്ച് ഡെപോസിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സമയത്ത് സാബു പൈസ കൊടുത്തു. അവിടെ ആയിരുന്നു പൈസ എല്ലാം ഉണ്ടായിരുന്നത്. കഞ്ഞിക്കുഴിയിലെ സ്ഥലം വിറ്റ് പണം കൊടുക്കേണ്ട ആവശ്യം വന്നപ്പോൾ ബാങ്കിൽ പോയപ്പോൾ, ഇപ്പോൾ ഒരു തരത്തിലും പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞു. 10 ലക്ഷം രൂപയായിരുന്നു അത്യാവശ്യം. കടയിൽ വന്ന് എന്തു തന്നെയായാലും പൈസ ഉണ്ടാകില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് അഡ്വാൻസ് കൊടുക്കാനായി പൈസ തന്നു. പിന്നീട് മുഴുവൻ തുക കൊടുക്കേണ്ട സമയമായപ്പോൾ, പലവട്ടം ബാങ്കിൽ പോയി കരഞ്ഞ് ഇറങ്ങിപ്പോരേണ്ടി വന്നു.
അഞ്ച് ലക്ഷം രൂപ വച്ച് എല്ലാം മാസവും തരാമെന്ന് ബോര്‍ഡ് അംഗങ്ങൾ കൂടി പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ അഞ്ച് ലക്ഷം ഞങ്ങൾക്ക് തരാൻ കഴിയില്ലെന്നും പൈസയെല്ലാം ലോൺ ആയി കിടക്കുവാണെന്നും പറഞ്ഞു. മൂന്നു ലക്ഷം വീതം തരാമെന്ന് പറഞ്ഞു. ജനുവരിയിൽ മാത്രം 3 ലക്ഷം തന്നു. പിന്നെ ഒരു ലക്ഷവും പലിശയും തരാമെന്നായി. അതും കൃത്യസമയത്ത് തരാതെ വട്ടം കറക്കി. ഞങ്ങളെ അതുപോലെ ദ്രോഹിച്ചിട്ടുണ്ട്. രാവിലെ പോയാൽ ഉച്ചയ്ക്ക് തരാം, നാളെ തരാമെന്ന് പറഞ്ഞ് ഓടിക്കും. കടയിൽ വന്ന് ഇന്ന് പൈസ ഉണ്ടാകില്ലെന്ന് പറയും. ഒന്നര വര്‍ഷമായി സഹിക്കുന്നു. ഒരു ഓപ്പറേഷൻ കേസ് വന്നു. ഇൻഷുറൻസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ അത് കിട്ടിയില്ല. രണ്ട് ലക്ഷം രൂപയെങ്കിലും യൂട്രസ് റിമൂവൽ സര്‍ജറിക്ക് വേണ്ടിയിരുന്നു. മകൾ പോയി അപേക്ഷിച്ചപ്പോൾ 40,000 രൂപ തന്നു. പിന്നീട് ഒരു 40 കൂടി തന്നു. എൺപതിനായിരം രൂപ കൊണ്ട് എന്ത് ചെയ്യാനാണ് ബാക്കി പൈസ അടയ്ക്കണ്ടേ. ഇതിനു രാവിലെ പത്ത് മണിക്ക് ചെന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്.
ബിനോയ് എന്നയാൾ, പോടാ പുല്ലേ എന്നുപറഞ്ഞ് തള്ളിവിട്ടെന്ന് സാബു പറഞ്ഞു. ഇവര്‍ വണ്ടിയിൽ കേക്ക് വിതരണവും കലണ്ടര്‍ വിതരണവും ഒക്കെയായി പോവുകയാണ്. അവരുടേൽ പൈസയുണ്ട്. പക്ഷേ അവര്‍ പിടിച്ചുവയ്ക്കുകയാണെന്ന് സാബു പറഞ്ഞു. ആശുപത്രിയിലെത്തിയ ശേഷം വിളിച്ചപ്പോൾ, അഡ്ജസ്റ്റ് ചെയ്യൂ എന്ന് സെക്രട്ടറി പറഞ്ഞു. നമ്മൾ ട്രാപ്പിൽ പെട്ടുപോയെന്ന് കരഞ്ഞുകൊണ്ട് സാബു പറഞ്ഞു. സിപിഎം ബോര്‍ഡ് അംഗങ്ങൾക്കെല്ലാം അറിയാം. മജോയി വെട്ടിക്കുഴി സാറിനെ പോയി കാണാമെന്ന് രിക്കുന്നതിനു മുൻപ് സാബു പറഞ്ഞു. സ്ഥാപനം നശിക്കരുതെന്ന് കരുതി ഞാനാണ് എല്ലാവരും അറിയുമെന്ന് പറഞ്ഞ് ഇത്തിരി കൂടി കാത്തിരിക്കാമെന്ന് പറഞ്ഞത്. ഇങ്ങനെ പെട്ടുപോയവര്‍ വേറെയുമുണ്ട്. ആ ബാങ്കിന്റെ പേര് കളയല്ലേ എന്ന് തലേ ദിവസവും ഞാൻ പറഞ്ഞിട്ടാണ് ആളെ കൂട്ടി പോകാതിരുന്നത്. രണ്ട് പിള്ളേരുണ്ട്. അവര്‍ വേദനിച്ച് കഴിയുകയാണ്. നിത്യരോഗിയായ എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് അറിയില്ല. ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നേ അധികാരികളോട് പറയാനുള്ളൂ’’ – മേരിക്കുട്ടി പറഞ്ഞു.