ADVERTISEMENT

തിരുവനന്തപുരം∙ നാഗര്‍കോവിലില്‍ അഞ്ചുഗ്രാമത്തിനു സമീപം ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ബാഗുകളില്‍ ഉപേക്ഷിക്കാനുള്ള ഇറച്ചിവെട്ടുകാരനായ ഭര്‍ത്താവിന്റെ ശ്രമം പൊളിഞ്ഞത് തെരുവുനായ്ക്കള്‍ കുരച്ചെത്തിയതോടെ. ഇറച്ചിയുടെ ഗന്ധം പിന്തുടര്‍ന്ന് തെരുവുനായ്ക്കള്‍ ചുറ്റുംകൂടിയതോടെ പ്രതി കുടുങ്ങുകയായിരുന്നു. തിരുനെല്‍വേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയ സത്യ(30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മാരിമുത്തു (35) ആണ് അറസ്റ്റിലായത്. ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് സൂചന.

ഭാര്യ മരിയയെ കൊലപ്പെടുത്തി മൃതദേഹം 10 കഷ്ണങ്ങളാക്കി 3 ബാഗുകളുമായി മാരിമുത്തു വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ദൂരെയെവിടെയെങ്കിലും ബാഗുകള്‍ ഉപേക്ഷിക്കുകയായിരുന്നു പദ്ധതി. ഇറച്ചിയുടെ ഗന്ധം മണത്ത തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ചോദിച്ചപ്പോള്‍ പന്നി മാംസമാണെന്നാണ് പറഞ്ഞത്. വിശ്വാസം വരാതെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കഷ്ണങ്ങളാക്കിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുത്തു.

സ്വഭാവദൂഷ്യം ആരോപിച്ച് മാരിമുത്തു ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ ഇടപെട്ടാണ് ഇവര്‍ക്കിടയിലെ തര്‍ക്കം പരിഹരിച്ചിരുന്നത്. ഒന്നര മാസം മുന്‍പാണ് ദമ്പതികള്‍ അഞ്ചുഗ്രാമത്തിലെ വീട്ടില്‍ താമസം തുടങ്ങിയത്. ഇവരുടെ രണ്ടു കുട്ടികള്‍ പാളയംകോട്ടയിലുള്ള ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. `

മാരിമുത്തുവിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അറിവില്ലെന്ന് പൊലീസ് പറഞ്ഞു. സംശയത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. തൂത്തുക്കുടിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട മരിയ സത്യ. ചെന്നൈയില്‍ കോള്‍ ടാക്‌സി ഡ്രൈവറായിരുന്ന മാരിമുത്തു കുറച്ചുനാളായി ഇറച്ചിവെട്ട് ജോലിയാണ് ചെയ്യുന്നത്.

അഞ്ചുഗ്രാമം പാല്‍കുളത്തെ വാടകവീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്യാവശ്യമുണ്ടെന്ന് അറിയിച്ച് ഭാര്യയെ മാരിമുത്തു തൂത്തുക്കുടിയില്‍നിന്നു വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ മരിയ സത്യയെ രാത്രിയിലാണ് കൊലപ്പെടുത്തിയത്. ടിവിയുടെ ശബ്ദം ഉച്ചത്തില്‍ വച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് സമീപവാസികള്‍ അന്വേഷിച്ചപ്പോള്‍ ടിവിയുടെ ഒച്ചയാണെന്നാണ് ഇയാള്‍ പറഞ്ഞത്. മൃതദേഹം 10 കഷണങ്ങളാക്കി മൂന്നു ബാഗുകളിലാക്കി ഉപേക്ഷിക്കാനായിരുന്നു ശ്രമം.

English Summary:

Nagercoil Murder: Body cut into 10 parts, washed and filled in bags; stray dogs surround murderer and bark; Butcher who murdered wife caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com