‘പ്രാദേശിക സമാധാനത്തിനായി സിറിയ ആഗ്രഹിക്കുന്നു; രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം’
Mail This Article
ഡമാസ്കസ്∙ പ്രാദേശിക സമാധാനത്തിനു സിറിയ ആഗ്രഹിക്കുന്നതായി രാജ്യത്ത് അധികാരം പിടിച്ചെടുത്ത വിമതപക്ഷത്തിന്റെ പ്രസ്താവന. അഹമ്മദ് അൽ-ഷറയും യുഎസ് നയതന്ത്ര പ്രതിനിധിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം രാത്രി വൈകിയാണ് പുതിയ അധികാരികൾ പ്രസ്താവന പുറത്തിറക്കിയത്.
“സിറിയൻ ജനത മേഖലയിലെ എല്ലാ രാജ്യങ്ങളിൽനിന്നും തുല്യ അകലത്തിലാണ് നിൽക്കുന്നത്. സിറിയ ഏതെങ്കിലും ധ്രുവീകരണത്തെ നിരാകരിക്കുന്നു. പ്രാദേശിക സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും മേഖലയിലെ രാജ്യങ്ങളുമായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും ആഗ്രഹിക്കുന്നു.’’ – പുതിയ ഭരണാധികാരികൾ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കിഴക്കൻ സിറിയയിലെ ഡെയ്ർ എസോറിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫിനെ യുഎസ് വധിച്ചു.. ഇയാൾക്കൊപ്പം മറ്റൊരു ഭീകരനും ആക്രമണത്തിൽ മരിച്ചെന്ന് യുഎസ് പറയുന്നു. ബഷാർ അൽ അസദിന്റെ ഭരണകൂടത്തെ അട്ടിമറിച്ച് വിമതർ സിറിയയുടെ അധികാരം പിടിച്ചതിനുപിന്നാലെ രാജ്യത്ത് ഭീകരവിരുദ്ധ നടപടികൾ യുഎസ് ശക്തമാക്കിയിരുന്നു.