‘ഭണ്ഡാരത്തിൽ വീണ ഐഫോൺ ക്ഷേത്ര സ്വത്ത്, തിരികെ തരാൻ പറ്റില്ല’; യുവാവിന്റെ അഭ്യർഥന നിരസിച്ച് ക്ഷേത്ര കമ്മിറ്റി
Mail This Article
ചെന്നൈ∙ യുവാവിന്റെ കയ്യിൽനിന്നും അബദ്ധത്തിൽ ക്ഷേത്ര ഭണ്ഡാരത്തിലേക്ക് വീണ ഐ ഫോൺ തിരികെ നല്‍കാനാവില്ലെന്ന് ക്ഷേത്ര കമ്മിറ്റി. ചെന്നൈ തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്ര കമ്മിറ്റിയാണ് ഫോൺ ഉടമയുടെ ആവശ്യം നിരസിച്ചത്. 1975ലെ ‘ഹുണ്ടിയൽ നിയമ’ പ്രകാരം, ലഭിക്കുന്ന വഴിപാടുകളും ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നവയും ക്ഷേത്രത്തിന്റെ സ്വത്തായി മാറുമെന്നും ഒരു ഘട്ടത്തിലും അത് ഉടമയ്ക്ക് തിരികെ നൽകാനാവില്ലെന്നും തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും അറിയിച്ചു.
കഴിഞ്ഞ മാസമാണ് വിനായകപുരം സ്വദേശിയായ ദിനേശും കുടുംബവും അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. പൂജയ്ക്ക്‌ശേഷം ദിനേശ് ഭണ്ഡാരത്തില്‍ പണമിടാനായി പോയിരുന്നു. ഇതിനിടെയാണ് ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും നോട്ടുകള്‍ എടുക്കുന്നതിനിടെ ഐഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണത്. തുടര്‍ന്ന് ദിനേശ് ക്ഷേത്രം ഭാരവാഹികളെ സമീപിച്ചു. എന്നാല്‍ ഭണ്ഡാരത്തില്‍ വഴിപാട് നൽകിയാൽ അത് ക്ഷേത്ര സ്വത്തായിമാറുമെന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇതോടെ ക്ഷേത്രത്തിന്റെ ചുമതലയുള്ള തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചെങ്കിലും, ഉദ്യോഗസ്ഥരും ഇതേ നിലപാട് ആവർത്തിക്കുകയായിരുന്നു.
പഴനിയിലെ ശ്രീ ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ 2023 മേയിൽ ആലപ്പുഴ സ്വദേശിനിയായ എസ്.സംഗീതയുടെ 1.75 പവൻ തൂക്കം വരുന്ന സ്വർണ മാല അബദ്ധത്തിൽ വീണിരുന്നു. കഴുത്തിലെ തുളസിമാല അഴിച്ചപ്പോഴായിരുന്നു സ്വർണമാല ഭണ്ഡാരത്തിലേക്ക് വീണത്. അന്ന് യുവതിയുടെ സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്ത് ക്ഷേത്രം ഭരണസമിതി ചെയർമാൻ അതേ വിലയുള്ള പുതിയ സ്വർണമാല വാങ്ങി നൽകിയിരുന്നു.