‘നാൻ റെഡി താൻ വരവാ’: 2024 ൽ തമിഴകം കണ്ടത് ‘വെട്രി’ ലക്ഷ്യമിട്ട് ദളപതിയുടെ എൻട്രി; അൻപതാം വയസ്സില് ഞെട്ടിച്ച് താരം
Mail This Article
ചെന്നൈ ∙ തമിഴകത്ത് സർപ്രൈസ് എൻട്രികൾ പുതുമയല്ല. അത് എംജിആറിൽ തുടങ്ങി വിജയിൽ എത്തി നിൽക്കുന്നു. കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് ഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട എംജിആർ സിനിമയിലൂടെ ജനങ്ങളുമായി സംസാരിച്ചു. ‘വിടുതലൈ’ വരികൾ ഉയർത്തി ഒരിക്കൽ കോൺഗ്രസിനെ തമിഴകത്തുനിന്ന് കെട്ടുകെട്ടിച്ച എംജിആറിന്റെ വാക്കുകളുടെ മൂർച്ച കരുണാനിധി പിന്നീട് അറിഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ അവസാന വാക്കായി എംജിആർ മാറിയപ്പോൾ തമിഴകം കണ്ട ഏറ്റവും മികച്ച എൻട്രിയായി അത്. അതോടെ എംജിആർ മരിക്കുന്നതു വരെ, ഡിഎംകെ അധികാരത്തിൽനിന്നു പുറത്തായി.
ദളപതി എന്ന് ആരാധകർ വിളിക്കുന്ന വിജയ് അൻപതാം വയസ്സിൽ രാഷ്ട്രീയത്തിലേക്കു വച്ച ചുവട് ഡിഎംകെയെ 1970 കൾ ഓർമിപ്പിക്കുന്നുണ്ടാവാം. എംജിആർ അന്നു തമിഴക രാഷ്ട്രീയത്തിൽ സൃഷ്ടിച്ച ഇടിമുഴക്കം അരനൂറ്റാണ്ടിനിപ്പുറം വിജയ് ആവർത്തിക്കുമോ? ഒരു തമിഴ് മാസ് മസാല സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം വിജയുടെ രാഷ്ട്രീയ പ്രവേശത്തിൽ ഉണ്ടായിരുന്നു. ഒരു കിടിലൻ ടീസർ, ആരാധകരെ പിടിച്ചിരുത്തുന്ന ട്രെയ്‌ലർ, ആടിത്തകർത്ത ഫസ്റ്റ് ഡേ. ഇത്രയും സംഭവിച്ചതോടെ, തമിഴകം കാത്തിരിക്കുന്നത് ഒരു ഇടിവെട്ട് ഫസ്റ്റ് ഹാഫും ആടിത്തിമിർക്കുന്ന സെക്കന്റ് ഹാഫുമാണ്. പിന്നെ 2026 നിയമസഭ തിരഞ്ഞെുപ്പ് എന്ന ക്ലൈമാക്സും.
‘സേ നോ ടു ഡ്രഗ്സ്’ – ഒരു ടീസർ മാത്രം
പത്ത്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് പറഞ്ഞ വാക്കുകളാണിത്. ജൂലൈയിൽ നടന്ന പരിപാടിയിൽ, തമിഴ്നാടിനെ വരിഞ്ഞുമുറുക്കിയ ലഹരിമരുന്നു മാഫിയയ്ക്കെതിരെ വിജയ് തുറന്നടിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ടീസറാണ് ചെന്നൈയിലെ ആ വിദ്യാർഥി സമ്മേളനത്തിൽ കണ്ടത്. വേദിയിൽ നിന്നിറങ്ങി വന്ന് സദസ്സിലുണ്ടായിരുന്ന ദലിത് വിദ്യാർഥികൾക്കൊപ്പം ഇരുന്ന വിജയ് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് അന്ന് നൽകിയത്. വേദിയിൽ കയറി സ്വീകരണങ്ങൾക്കും ഫോട്ടോകൾക്കും നിന്ന് ജനങ്ങളോട് അകന്നു പോകുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെയും ‘ജനകീയ നേതാക്കൻ’മാരുടെയും തലയ്ക്കാണ് അന്ന് വിജയ് അടിച്ചത്. നേതാക്കൻമാർക്കും സാധാരണക്കാർക്കും ഇടയിൽ ഉണ്ടായിരുന്ന വലിയ ഇരുമ്പുമറ വിജയ് അന്ന് തകർത്തു. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ പോകുന്ന ട്രെയിലറായിരുന്നു പിന്നീട്.
കൊടിയിൽ വാകപ്പൂവും ആനയും – പക്കാ ട്രെയിലർ
തമിഴക വെട്രി കഴകം എന്നു പാർട്ടിക്കു പേര് പ്രഖ്യാപിച്ചെങ്കിലും അതിന്റെ നയം എന്തായിരിക്കും, കൊടിയിൽ അതെല്ലാം ഉണ്ടാകുമോ എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. അതിനുള്ള മറുപടിയാണ് വിജയ് തന്റെ പാർട്ടിയുടെ കൊടിയിലൂടെ നൽകിയത്. തമിഴക വെട്രി കഴകം എന്തു മാറ്റമാണ് തമിഴ്നാട്ടിൽ വരുത്താൻ പോകുന്നത് എന്നതിനു തെളിവായി അതു മാറി. തമിഴ്നാട്ടിൽ മാറി മാറി ഭരിച്ചിരുന്ന ദ്രാവിഡ പാർട്ടികളെ ഒറ്റയടിക്കു വിജയ് ലക്ഷ്യം വച്ചു. മാറ്റത്തിന്റെ പാതയാണ് താൻ മുന്നോട്ടു വയ്ക്കുന്നതെന്ന് പതാക പുറത്തിറക്കിയ വിജയ് സൂചനകൾ നൽകിയിരുന്നു. ജനങ്ങളെ പതിറ്റാണ്ടുകളോളം ദ്രോഹിച്ച കുടുംബാധിപത്യത്തിന് ശക്തമായ താക്കീതു കൂടിയായിരുന്നു പതാക പുറത്തിറക്കൽ എന്ന ട്രെയിലർ ലക്ഷ്യമിട്ടത്. പിന്നാലെ കൃത്യതയോടെയാണ് വിജയ് മുന്നോട്ട് നീങ്ങുന്നതെന്ന് തമിഴകത്തെ പ്രബല രാഷ്ട്രീയ പാർട്ടികൾക്ക് മനസ്സിലായി.
ദി എഫ്ഡിഎഫ്എസ് – ആദ്യ പൊതുസമ്മേളനം
പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം തമിഴ്നാട്ടിൽ പലയിടത്തും നടത്താൻ വിജയ് ലക്ഷ്യമിട്ടെങ്കിലും അതിനൊന്നും സർക്കാരിന്റെ അനുമതി ലഭിച്ചില്ല. തിരുനെൽവേലി, മധുരൈ, വിഴുപുരം, സേലം, അങ്ങനെ പാർട്ടി സമ്മേളന വേദികൾ മാറി. ഒടുവിൽ വിഴുപുരത്തെ അധികമാരും കേട്ടിട്ടില്ലാത്ത വിക്രവണ്ടിയിൽ അത് സംഭവിച്ചു. രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത ഒരു കുഗ്രാമമായിരുന്നു വിക്രവണ്ടി. പക്ഷേ ദലിതരും കർഷകരുമടങ്ങുന്ന സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന പ്രദേശം. ആദ്യ പൊതുസമ്മേളനത്തിന് മൂന്ന് ലക്ഷം പേരെയാണ് വെട്രികഴകം ഭാരവാഹികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 10 ലക്ഷത്തോളം പേർ എത്തിയെന്നാണ് അനൗദ്യോഗിക കണക്കുകൾ.
‘കുട്ടിക്കഥ’ വിട്ട് കത്തിപ്പടരുന്ന വിജയിയെയാണ് അന്ന് വിക്രവണ്ടിയിൽ കണ്ടത്. ഡിഎംകെ സർക്കാരിനെയും സ്റ്റാലിൻ കുടുംബത്തെയും വിജയ് കടന്നാക്രമിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പേരിൽ തമിഴ്നാടിനെ സ്റ്റാലിന്റെ കുടുംബം കൊള്ളയടിക്കുന്നുവെന്നാണ് തുറന്നടിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ആ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു. ഒപ്പം പെരിയാറെയും അംബേദ്കറെയും ഉയർത്തിപ്പിടിച്ചും ബിജെപിയെ ആക്രമിച്ചും വിജയ് വിക്രവണ്ടിയിൽ തന്റെ ‘എഫ്ഡിഎഫ്എസ്’ (ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ) ആടിത്തിമിർത്തു.
2025 എന്ന ഫസ്റ്റ് ഹാഫ് – ശ്രദ്ധയോടെ നീക്കം
വിജയ്‌യുടെ രാഷ്ട്രീയ തലവരയുടെ മാറ്റമാണ് 2024 കണ്ടതെങ്കിൽ, 2025 ൽ അതീവ ശ്രദ്ധയോടെയായിരിക്കും അദ്ദേഹത്തിന്റെ ഓരോ ചുവടുമെന്നു കരുതാം. തന്റെ 69–ാം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുന്നതോടെ, തമിഴകം പിടിക്കാനുള്ള പദയാത്ര വിജയ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദലിത്, പിന്നാക്ക വോട്ടുകൾ നിർണായകമായ 100 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും വിജയ് പദയാത്രയുമായി എത്തിയേക്കും. ഇതിൽ ഭൂരിഭാഗവും ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായിരിക്കുമെന്നാണ് സൂചന. 2025 ൽ തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. ഇതും വെട്രികഴകം ലക്ഷ്യം വയ്ക്കുന്നുണ്ട്.
2026 എന്ന സെക്കൻഡ് ഹാഫ് – ദലിത് പാർട്ടികളെ ഒന്നിപ്പിക്കും
വിവിധ മുന്നണികളിൽ ചിതറിക്കിടക്കുന്ന, ദലിത് – പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളെ ഒന്നിപ്പിക്കുക എന്നതാവും വിജയ് 2026 ൽ ലക്ഷ്യം വയ്ക്കുക. തിരുമാവളന്റെ വിസികെ, സീമാന്റെ നാം തമിഴർ കക്ഷി തുടങ്ങിയ പാർട്ടികളായിരിക്കും ലക്ഷ്യം. ഇവരെ തമിഴക വെട്രി കഴകം നേതൃത്വം നൽകുന്ന മുന്നണിയില്‍ എത്തിക്കാനായാൽ തമിഴക രാഷ്ട്രീയത്തിൽ വൻമാറ്റങ്ങളുണ്ടായേക്കാം. പിന്നെ ഒറ്റ ലക്ഷ്യം– തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്.
ക്ലൈമാക്സ് – സെന്റ് ജോർജ് ഫോർട്ടിലേക്ക്
2026 മേയ് മാസത്തോടെ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമാകും. ഡിഎംകെ വിരുദ്ധ, ബിജെപി വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളുടെ മുഖമാകുമോ വിജയ് എന്ന് തമിഴ്നാട്ടിലെ ജനങ്ങൾ വിധിയെഴുതും. അതേസമയം, ഡിഎംകെയെ വേട്ടയാടുക 1977 ലെ ഓർമകളായിരിക്കും. 77ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് എംജിആറിന്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയത്; എംജിആർ ഓർമയാകുന്നതു വരെ കരുണാനിധിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നതും.
എംജിആറിന്റെ വിജയം വിജയ് ആവർത്തിക്കുമോ? ദ്രാവിഡ രാഷ്ട്രീയം തമിഴകത്ത് ദുർബലമാകുമോ? സെന്റ് ജോർജ് ഫോർട്ടിലേക്ക് വിജയ് എത്തുമോ? വരും വർഷങ്ങൾ കാത്തിരിക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. സ്റ്റാലിന്റെ കാലത്തുനിന്ന് ഉദയനിധിയുടെ ചെറുപ്പത്തിലേക്കു വഴിമാറുന്ന ഡിഎംകെയെയാണ് 2024ൽ കണ്ടത്. അതുകൊണ്ടു തന്നെ 2026 ഉദയനിധിയുടെ കൂടി വിധിയെഴുത്തായിരിക്കുമെന്ന് ഉറപ്പാണ്. ഒപ്പം അണ്ണാമലൈ എന്ന ബിജെപി പവർ ടാങ്കു കൂടി ചേരുന്നതോടെ സെന്റ് ജോർജ് ഫോർട്ട് അധികാരപ്പോരാട്ടത്തിന്റെ പുതിയ അധ്യായങ്ങൾക്കു സാക്ഷിയായേക്കാം.