ADVERTISEMENT

തിരുവനന്തപുരം∙ കള്ളടാക്സി വിഷയത്തിൽ ശക്തമായി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർസി ഉടമയുടെ ഭാര്യയ്‍ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നു കളർകോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗണേഷ് കുമാർ വ്യക്തമാക്കി. 

‘‘ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ട. നിങ്ങൾക്ക് വാഹനം വാടകയ്ക്കു നൽകണമെങ്കിൽ നിയമപരമായി നൽകാം. ഇതിനായി റജിസ്ട്രേഷൻ ചെയ്യണം. ബ്ലാക്ക് ആന്റ് വൈറ്റ് ബോർഡ് വച്ച് ഓടിക്കാം. അല്ലാതെ പാവം ടാക്സിക്കാരുടെ വയറ്റത്തടിക്കരുത്. അവർ കള്ളടാക്സികൾ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഓട്ടോക്കാരും ടാക്സിക്കാരും നികുതി അടച്ചാണ് വാഹനം ഓടിക്കുന്നത്. അവരെ മണ്ടൻമാരാക്കി കൊണ്ടാണ് നികുതി അടയ്ക്കാത്ത ചില ആളുകൾ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നത്. ഇതു തെറ്റു തന്നെയാണ്’’ – ഗണേഷ് കുമാർ പറഞ്ഞു.

‘‘ആലപ്പുഴ കളർകോട് അപകടത്തിലും ഇതു തന്നെയാണ് നടന്നത്. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തിൽ സംസാരിച്ചാലും പണം വാങ്ങിയാണു കുട്ടികൾക്ക് വാഹനം നൽകിയത്. അതു തെറ്റാണ്. ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എംവിഡിയും ചോദിക്കും. ആർസി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ശക്തമായ നടപടി എടുക്കും. അത് ചില്ലറ നടപടി ആയിരിക്കില്ല.’’ –ഗണേഷ് കുമാർ വ്യക്തമാക്കി.

English Summary:

Ganesh Kumar Warns Illegal taxi service: Minister K.B. Ganesh Kumar warns against illegal taxi operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com