‘സാമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകൾ; മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനം’
Mail This Article
ശബരിമല∙ സാമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണെന്നും അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി എന്നെ കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ. ഞാൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകനു വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് മന്നം ജയന്തിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് മാധ്യമങ്ങളുടെ ചർച്ചയാണ്. ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്നു സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാം. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം. 2026ൽ അധികാരത്തിൽ എത്തുക എന്നതാണു കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.