‘റോഡിലെ സ്റ്റേജ് അനാവശ്യം, പാർട്ടിക്കു നാണക്കേട്’: പാളയം ഏരിയ കമ്മിറ്റിക്കെതിരെ ജില്ലാ സെക്രട്ടറി
Mail This Article
തിരുവനന്തപുരം ∙ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി പാർട്ടി പരിപാടിക്കു സ്റ്റേജ് കെട്ടിയതിനു പാളയം ഏരിയ കമ്മിറ്റിക്കു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ വിമർശനം. നടപടി പാർട്ടിക്കു നാണക്കേട് ഉണ്ടാക്കിയെന്നും റോഡിലെ സ്റ്റേജ് അനാവശ്യമായിരുന്നെന്നും ജോയ് പറഞ്ഞു.
ഡിസംബർ അഞ്ചിനാണു സിപിഎം പാളയം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനുള്ള സ്റ്റേജിനായി റോഡ് കെട്ടിയടച്ചത്. വഞ്ചിയൂർ ജംക്‌ഷൻ മുതൽ ഉപ്പിടാംമൂടിന് സമീപത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുൻവശം വരെയുള്ള റോഡിലെ 150 മീറ്റർ ഭാഗം പൂർണമായി കെട്ടിയടച്ചു. സ്കൂൾ കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള സാധാരണക്കാർ ഇതോടെ പെരുവഴിയിലായി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു ഉദ്ഘാടകൻ. പൊലീസിന്റെ ക്രോസ് ബാറുകൾ ഉപയോഗിച്ചാണ് രണ്ടു വശത്തും റോഡ് അടച്ചത്. കെട്ടിയടച്ചിടത്തേക്കു വാഹനങ്ങൾ കടക്കാതിരിക്കാൻ പൊലീസിന്റെ കാവലുമുണ്ടായിരുന്നു.
രണ്ടു വശത്തേക്കുമുള്ള വാഹനങ്ങൾ ഒരു വരിയിലൂടെ കടത്തിവിട്ടതോടെ വൻ ഗതാഗതക്കുരുക്കായി. രാവിലെയും വൈകിട്ടും സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിൽപെട്ടു. ജനറൽ ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും കുരുങ്ങി. വൈകിട്ട് സമ്മേളനം തുടങ്ങിയപ്പോൾ രണ്ടുവരി റോഡിലും ഗതാഗതം പൂർണമായി തടഞ്ഞു. സമ്മേളനവും രാത്രിയിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകവും പൂർത്തിയായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. സ്റ്റേജ് നിർമാണത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.
സംഭവത്തിൽ സിപിഎം പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി. ബാബു ഉൾപ്പെടെ 19 പേരെ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്കു നോട്ടിസ് അയച്ചു. കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണു കേസ്. റോഡിൽ സ്റ്റേജ് കെട്ടിയതിനെ കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.