മാട്രിമോണിയലിൽ പരസ്യം, സമ്പന്ന പുരുഷന്മാരെ വിവാഹം കഴിച്ച് പണവുമായി മുങ്ങും; യുവതി അറസ്റ്റിൽ
Mail This Article
ജയ്പുർ∙ സമ്പന്ന പുരുഷന്മാരെ വിവാഹത്തട്ടിപ്പിൽ കുടുക്കി പണം തട്ടുന്നത് പതിവാക്കിയ യുവതി ജയ്പുർ പൊലീസ് പിടിയിൽ. ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകി സമ്പന്നരായ പുരുഷന്മാരെ വിവാഹം കഴിക്കുകയും പിന്നീട് പണവുമായി കടന്നുകളയും വ്യാജ പരാതികൾ നൽകി നഷ്ടപരിഹാരം വാങ്ങി മുങ്ങുകയും ചെയ്യുകയായിരുന്നു സീമ അഗർവാളിന്റെ രീതി.
ജോട്ട്‌വാര സ്വദേശിയായ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ഇവർ പിടിയിലായത്. 2024 ഫെബ്രുവരിയിൽ ജ്വല്ലറി ഉടമയെ വിവാഹം ചെയ്ത സീമ, ജൂലൈയിൽ 30 ലക്ഷം രൂപയുടെ ആഭരണങ്ങളും ആറരലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുവെന്നാണ് പരാതി.
മാട്രിമോണിയൽ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സീമയെ മാൻസരോവറിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ജ്വല്ലറി ഉടമ വിവാഹം കഴിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ഡെറാഡൂണിലെ വീട്ടിൽനിന്ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പത്തുവർഷത്തിനിടെ ഇത്തരത്തിൽ പലരെയും തട്ടിച്ചതായി സീമ സമ്മതിച്ചെന്ന് ജയ്പുർ ഡിസിപി അമിത് കുമാർ പറഞ്ഞു. 2013ൽ ആഗ്ര സ്വദേശിയായ വ്യവസായിയുടെ മകനെ വിവാഹം കഴിച്ചതിനുശേഷം ഗാർഹിക പീഡനക്കേസ് നൽകി 75 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈപ്പറ്റിയിരുന്നു.
2017ൽ ഗുരുഗ്രാമിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ യുവാവിനെ വിവാഹം കഴിക്കുകയും ഇയാളുടെ ബന്ധുവിനെതിരെ ബലാത്സംഗക്കേസ് നൽകി 10 ലക്ഷം രൂപ തട്ടിക്കുകയും ചെയ്തു. ഒടുവിൽ വിവാഹം കഴിച്ച ജയ്പുർ സ്വദേശിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസ് നൽകുമെന്നും ബന്ധുക്കളെ ബലാത്സംഗക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി സീമ പണം തട്ടാൻ ശ്രമിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.