തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസ്: ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി
Mail This Article
കൊച്ചി ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈ വിഷയത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
തിരുനെൽവേലിയിലെ ഗ്രാമങ്ങളില്‍ കേരളത്തിൽനിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവം വലിയ വിവാദമായിരുന്നു. തിരുനെൽവേലി ജില്ലയിലെ 6 ഇടങ്ങളിലായി തള്ളിയ മാലിന്യം വിവാദത്തെ തുടർന്ന് കേരളത്തിൽ തിരികെ എത്തിച്ചിരുന്നു. വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദേശം നൽകിയത്.
കണ്ണൂർ സ്വദേശിയും സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറുമായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ 6 കേസുകൾ തമിഴ്നാട് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.