‘ഭാരതപുത്രൻ കർദിനാളായതിൽ രാജ്യത്തിന് അഭിമാനം’; സിബിസിഐ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ മാർ ജോർജ് കൂവക്കാടിനെ കർദിനാളാക്കി ഉയർത്തിയത് അഭിമാനത്തിന്റെ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ പുത്രൻ കർദിനാളായതിൽ രാജ്യത്തിന് അഭിമാനമുണ്ട്. കത്തോലിക്ക ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘‘സിബിസിഐ സ്ഥാപിച്ചതിന്റെ 80ാം വാർഷികത്തിലെ ക്രിസ്മസ് ആഘോഷത്തിൽ തനിക്ക് പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. ഇറ്റലിയിലെ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ 3 വർഷത്തിനിടെ 2 തവണ മാർപാപ്പയെ കണ്ടു. ആത്മീയതയിലും പ്രാർഥനയിലുമൂന്നിയ ഇത്തരം കൂടിക്കാഴ്ചകൾ ജനസേവനത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപത്തെ കൂടുതൽ കരുത്തുറ്റതാകുന്നു.’’– പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധബാധിത അഫ്ഗാനിസ്ഥാനിൽനിന്ന് ഫാ.അലക്സ് പ്രേംകുമാറിനെയും യെമനിൽനിന്ന് ഫാ. ടോം ഉഴുന്നാലിനെയും സുരക്ഷിതരായി തിരിച്ചെത്തിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അന്ന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്താണ് അവരെയെല്ലാം നാട്ടിൽ തിരിച്ചെത്തിച്ചത്. ഗൾഫ് നാടുകളിൽ നഴ്സുമാർ കുടുങ്ങിയപ്പോഴും അവരെ നാട്ടിലെത്തിച്ചു. ഈ ശ്രമങ്ങളൊന്നും വെറും നയതന്ത്ര കാര്യങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച് വൈകാരികമായ ഉത്തരവാദിത്വമായിരുന്നു. ഓരോ ഭാരതീയനെയും ലോകത്തിന്റെ ഏത് കോണിലായാലും എന്ത് ആപത്തിലായാലും അവരെ എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിച്ച് നാട്ടിലെത്തിക്കുകയെന്നത് ഞങ്ങളുടെ കർത്തവ്യമാണെന്നും മോദി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപ് ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടന്നു. 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളി ആക്രമിക്കപ്പെട്ടു. അന്ന് കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ ഞാൻ കൊളംബോയിൽ പോയിരുന്നു. ഇത്തരം വെല്ലുവിളികളോട് ഐക്യത്തോടെ പോരാടുകയെന്നതാണ് പ്രധാനം. സ്നേഹം, ഐക്യം, സാഹോദര്യം എന്നിവയാണ് യേശുക്രിസ്തു പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സമൂഹത്തിൽ അക്രമവും അനൈക്യവും പരത്താനുള്ള ശ്രമങ്ങൾ വേദനിപ്പിക്കുന്നു. മനുഷ്യത്വപരമായ സമീപനത്താൽ മാത്രമേ 21ാം നൂറ്റാണ്ടിൽ ഇന്ത്യയെ ഉയരങ്ങളിലെത്തിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.