പെരിയ ഇരട്ടക്കൊലപാതകം: പ്രത്യേക സിബിഐ കോടതി വിധി ഡിസംബർ 28ന്
Mail This Article
കാസർകോട്∙ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഡിസംബർ 28ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളാണ് പ്രതികൾ. കേസിന്റെ വാദം പൂർത്തിയായി. മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.എം.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. പി.പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. കെ.വി.കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്.
2019 ഫെബ്രുവരി 17ന് രാത്രി കല്യോട് കൂരാങ്കര റോഡിലാണ് ശരത്‌ലാലും കൃപേഷും വെട്ടേറ്റു മരിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ പ്രതികളാക്കുകയും 11 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശരത് ലാലിന്റെയും ക്യപേഷിന്റെയും കുടുംബം നടത്തിയ നിയമപോരാട്ടത്തെത്തുടർന്ന് സുപ്രീംകോടതി കേസന്വേഷണം സിബിഐക്ക് കൈമാറി.
സിബിഐ അന്വേഷണത്തിൽ 10 സിപിഎം പ്രവർത്തകരെക്കൂടി പ്രതിചേർത്തു. ഇതിൽ 5 പേർ 2021 ഡിസംബറിൽ അറസ്റ്റിലായി. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനുൾപ്പെടെയുള്ള 5 പേർ ജാമ്യമെടുത്തു. 2023 ഫെബ്രുവരിയിൽ ആരംഭിച്ച വിചാരണ ഒരു വർഷവും എട്ടു മാസവും പിന്നിട്ടാണ് പൂർത്തിയാക്കിയത്. ഇരുനൂറ്റൻപതോളം സാക്ഷികളുണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ 154 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീമായ തെളിവുകളും ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കോടതിയിൽ ഹാജരാക്കി.
ആദ്യം ബേക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യഘട്ടത്തിൽ 14 പേർ അറസ്റ്റിലായിരുന്നു. പിന്നീട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി അന്വേഷണച്ചുമതല സിബിഐക്ക് കൈമാറി. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 10 പേരെ കൂടി പ്രതിചേർക്കുകയും 5 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1300 ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ നൽകിയത്. സിബിഐക്ക് വേണ്ടി ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കെ.പത്മനാഭൻ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി നിക്കോളാസ്, സി.കെ.ശ്രീധരൻ തുടങ്ങിയ അഭിഭാഷകരും കോടതിയിൽ ഹാജരായി.