രേവതിയുടെ മരണവിവരം അറിഞ്ഞത് എപ്പോൾ? ഉത്തരംമുട്ടി അല്ലു അർജുൻ; സുരക്ഷാ മാനേജർ കസ്റ്റഡിയിൽ
Mail This Article
ഹൈദരാബാദ്∙ ‘പുഷ്പ 2’ സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിക്കുകയും മകനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മരണം നടന്നത് എപ്പോഴാണ് അറിഞ്ഞതെന്ന ചോദ്യത്തിനടക്കം അല്ലു ഉത്തരം നൽകിയില്ല.
സുപ്രധാന ചോദ്യങ്ങൾക്കെല്ലാം മൗനം മാത്രമായിരുന്നു നടപടി. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന സംഘമാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. സ്റ്റേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ആരാധകരുടെ വലിയ നിര പ്രദേശത്ത് തമ്പടിച്ചിരുന്നു.
രണ്ടു മണിക്കൂറാണ് അല്ലു അർജുന്റെ ചോദ്യം ചെയ്യൽ നീണ്ടത്. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തിയേറ്ററിൽ പോയി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മർദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയത് പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ എന്നിവയായിരുന്നു അല്ലു നേരിട്ട പ്രധാന ചോദ്യങ്ങൾ.
അല്ലു അർജുനെ തിയറ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. താരത്തിന്റെ അഭിഭാഷകൻ സന്ധ്യ തിയറ്റർ സമുച്ചയത്തിലെത്തിയിട്ടുണ്ട്. അതേസമയം, അല്ലുവിന്റെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരാധകരെ വടി ഉപയോഗിച്ച് ബൗൺസർ തല്ലുന്ന വിഡിയോ പുറത്തായതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ 13ന് അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു. ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രിമിയർ ഷോ കാണാൻ എത്തിയത്.
അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. അല്ലു അർജുന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു.