ഡിഎംഒ ഓഫിസിൽ കസേര കളി; മുഖത്തോട് മുഖം നോക്കി രാജേന്ദ്രനും ആശാദേവിയും
Mail This Article
കോഴിക്കോട്∙ ജില്ലാ മെഡിക്കൽ ഓഫിസിൽ കസേര കളി തുടരുന്നു. മെഡിക്കൽ ഓഫിസറുടെ കസേരയിൽ ഒരേ സമയം രണ്ട് ഡിഎംഒമാർ എത്തിയതാണ് ഇന്നലെ പ്രശ്നമായത്. ഇന്നു വീണ്ടും രണ്ടു ഡിഎംഒമാരും ഓഫിസിലെത്തി. ഇതോടെ ഡിഎംഒ ഓഫിസിലെ ജീവനക്കാർ പ്രതിസന്ധിയിലായി. കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും നിയമപരമായി തനാണ് ഡിഎംഒ എന്ന് ഡോ.എൻ.രാജേന്ദ്രനും ഉറച്ചുനിന്നു.
ഡിഎംഒയുടെ കസേരയിൽ ആദ്യം കയറി ഇരുന്ന എൻ. രാജേന്ദ്രൻ മാറാൻ തയാറായില്ല. എതിർവശത്തുള്ള കസേരയിൽ ആശാദേവിയും ഇരിപ്പുറപ്പിച്ചു. ഇതോടെ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരുന്ന അവസ്ഥയായി. ആരാണ് യഥാർഥ ഡിഎംഒ എന്നറിയാത്തതിനാൽ ഫയലുകൾ ആർക്കാണ് കൈമാറേണ്ടതെന്നറിയാതെ ഓഫിസ് ജീവനക്കാർ വട്ടം ചുറ്റി. ഇന്നലെയും സമാന അവസ്ഥയായിരുന്നു. ഓഫിസ് സമയം കഴിയുന്നത് വരെ രണ്ടു പേരും ഓഫിസിൽ ഇരുന്നു.
ഈ മാസം 9ന് ഇറങ്ങിയ സർക്കാർ ഉത്തരവുപ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫിസർമാരെയും 3 ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർമാരെയും സ്ഥലം മാറ്റി നിയമിച്ചിരുന്നു. ഇതു പ്രകാരം 10ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസറായി ഡോ. രാജേന്ദ്രനിൽ നിന്ന് ഡോ.ആശാദേവി ചുമതലയേറ്റെടുത്തു. പിന്നീട് സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് 12ന് സ്റ്റേ ഉത്തരവ് നേടി. ആശാ ദേവി തിരുവനന്തപുരത്ത് പോയ 13ന് രാജേന്ദ്രൻ ഓഫിസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. ഇതേ തുടർന്ന് ആശാദേവി അവധിയിൽ പ്രവേശിച്ചു.
സ്റ്റേ ഉത്തരവിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപച്ചു. അടിസ്ഥാന അവകാശങ്ങൾ ലംഘിക്കാതെ ഒരു മാസത്തിനുള്ളിൽ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രൈബ്യൂണൽ നിർദേശം നൽകി. ഇതേ തുടർന്നാണ് ട്രൈബ്യൂണലിൽ നിന്ന് തനിക്ക് അനുകൂല ഉത്തരവുണ്ടെന്നറിയിച്ച് ആശാദേവി ഇന്നലെ ഓഫിസിലെത്തിയത്. എന്നാൽ നിയമപരമായി താനാണ് ഡിഎംഒ എന്ന നിലപാടിലാണ് ഡോ.രാജേന്ദ്രൻ.
നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം നേടാനൊരു സുവർണാവസരം. കൂടുതൽ അറിയാനും റജിസ്റ്റർ ചെയ്യാനും ‘മനോരമ ഓൺലൈൻ എലവേറ്റ്'