ഒന്നും മിണ്ടാതെ അല്ലു; കുട്ടികളെ പരീക്ഷയിൽ തോൽപിക്കുക സർക്കാർ നയമല്ലെന്ന് ശിവന്‍കുട്ടി- പ്രധാനവാർത്തകൾ
Mail This Article
പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ ചോദ്യം ചെയ്തതും കോഴിക്കോട് ഡിഎംഒ ആരെന്ന കാര്യത്തിൽ തീരുമാനമായതെല്ലാമാണ് ഇന്നത്തെ പ്രധാന വാര്‍ത്തകൾ.
തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മരണം നടന്നത് എപ്പോഴാണ് അറിഞ്ഞതെന്ന ചോദ്യത്തിനടക്കം അല്ലു ഉത്തരം നൽകിയില്ല. സുപ്രധാന ചോദ്യങ്ങൾക്കെല്ലാം മൗനം മാത്രമായിരുന്നു നടപടി. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന സംഘമാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്.
കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തകഴി അരയന്റചിറയിൽ കാർത്യായനിയാണ് (82) മരിച്ചത്. ആറാട്ടുപുഴ തറയിൽകടവിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നു പകലാണു സംഭവം. മുഖത്തുൾപ്പെടെ തെരുവുനായ കടിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നടന്ന കസേരകളിയുടെ ക്ലൈമാക്‌സില്‍ കസേര കിട്ടിയത് ഡോ. ആശാദേവിക്ക്. കസേര പുതിയ ഡിഎംഒ ഡോ. ആശാദേവിക്ക് ആണെന്ന് ആരോഗ്യവകുപ്പ് മേധാവി അറിയിച്ചു. ആശാദേവിയെ ഡിഎംഒ ആക്കാനുള്ള ഉത്തരവ് പാലിക്കാന്‍ ഡിഎച്ച്എസ് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം 2 ഡിഎംഒമാരെയും അറിയിച്ചു. ഒരു മാസത്തിനകം 2 ഡിഎംഒമാരുടെയും ഭാഗം കേള്‍ക്കും.
യുഎസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം.1500 പേർക്ക് ജയിൽശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുൻപ് ഉത്തരവ് ഇറക്കിയിരുന്നു.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (61) വധിച്ചത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടിട്ട് 5 മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട ശേഷം ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയാറായിരുന്നില്ല.