ADVERTISEMENT

തിരുവനന്തപുരം∙ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശങ്ങള്‍ പാലിച്ച ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടുത്തൊന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. 2022ല്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് ഡോ. സിസ തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. 

വിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടിയേറ്റ സര്‍ക്കാര്‍ റിവ്യു പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതിയുടെ അന്തിമ തീരുമാനത്തിനു വിധേയമായി മാത്രമേ ഡോ.സിസ തോമസിനു മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഫയലില്‍ സ്വീകരിക്കാതെ സുപ്രീംകോടതി തള്ളിയ ഹര്‍ജിക്ക് റിവ്യു പെറ്റീഷന്‍ സമര്‍പ്പിക്കുന്നതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2023 മാര്‍ച്ച് 31ന് വിരമിച്ച സിസ തോമസിന് പ്രൊവിഷനല്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. 

അതേസമയം, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ റിവ്യു പെറ്റീഷന്‍ നല്‍കിയതു സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഡോ.സിസ തോമസ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. വിരമിച്ച് ഇത്ര നാള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു പൈസ പോലും പെന്‍ഷന്‍ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

‘‘ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചിട്ട് കൃത്യമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. പെന്‍ഷന്‍ കിട്ടാന്‍ വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാമത്തെ ഹിയറിങ്ങിലാണ് എനിക്ക് അനുകൂലമായ വിധി വന്നത്. രണ്ടാമത്തെ ഹിയറിങ്ങിന്റെ സമയത്ത് പ്രൊവിഷനല്‍ പെന്‍ഷന്‍ അനുവദിച്ചതായി രേഖയുണ്ടാക്കി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ പോകുന്നതിനാല്‍ പ്രൊവിഷനല്‍ പെന്‍ഷന്‍ സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കരുതെന്നു വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ കൂടുതല്‍ വ്യക്തതയ്ക്കായി സര്‍ക്കാരിനെ സമീപിക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. 33 വര്‍ഷം ജോലി ചെയ്തിട്ട് പ്രൊവിഷനല്‍ പെന്‍ഷന്‍ ആണോ എനിക്കു നല്‍കേണ്ടത്.’’- ഡോ.സിസ തോമസ് ചോദിച്ചു. 

സര്‍ക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെന്നു ചൂണ്ടിക്കാട്ടി സിസയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചെങ്കിലും ഈ നീക്കം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ റിവ്യു പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാതെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ റിവ്യു പെറ്റീഷന്‍ സമര്‍പ്പിക്കുന്നതു വിഷയം വീണ്ടും നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം മാത്രമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫയലില്‍ സ്വീകരിക്കാതെ, ഫയല്‍ നമ്പര്‍ ഇടാതെ തള്ളിയ ഹര്‍ജിക്ക് എങ്ങനെ റിവ്യു കൊടുക്കാന്‍ പറ്റുമെന്നും അവര്‍ ചോദിക്കുന്നു. അതിനിടെ നവംബറില്‍ ഗവര്‍ണര്‍ ഡോ.സിസ തോമസിന് ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമനം നല്‍കിയതും സര്‍ക്കാരിനെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. 

2022 ഒക്ടോബറില്‍ സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പകരം ഡിജിറ്റല്‍ സര്‍വകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു ചുമതല നല്‍കാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനും സുപ്രീം കോടതി പറയുന്ന അയോഗ്യതാ മാനദണ്ഡം ബാധകമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നിരസിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ചുമതല നല്‍കാന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും യുജിസി മാനദണ്ഡമനുസരിച്ച് അക്കാദമിക് രംഗത്തുള്ള വിസി വേണമെന്നു പറഞ്ഞു ഗവര്‍ണര്‍ തള്ളി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ വിസിയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ അനിഷ്ടത്തിനു പാത്രമാകുമെന്നു ഭയന്ന് അവര്‍ ഒഴിഞ്ഞു മാറി. ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു.

English Summary:

Dr.Ciza Thomas Pension Row: Kerala government's review petition against Supreme Court's dismissal of its plea is questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com