‘അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യും?: വെളി മൈതാനത്തെ ‘പപ്പാഞ്ഞി’യെ നീക്കുന്നതിൽ ഹൈക്കോടതി
Mail This Article
കൊച്ചി ∙ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞി നീക്കം ചെയ്യുന്ന വിഷയം ഹൈക്കോടതിയില്‍. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെളി മൈതാനത്തെ പപ്പാഞ്ഞി നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാഡേ ഫോർട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിനു സുരക്ഷ ഒരുക്കാൻ മാത്രം ആയിരത്തിലേറെ പൊലീസുകാർ വേണമെന്നാണ് കണക്ക്. ഇതിനു പുറമെ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുെമന്നും പൊലീസ് വാദിച്ചു. ഇരു മൈതാനങ്ങളും തമ്മിൽ 2 കിലോമീറ്റർ അകലമാണുള്ളത്. മുൻ കരുതലുകൾ എടുത്തുവെങ്കിൽ അനുമതി നൽകിക്കൂടെ എന്ന് കോടതി ചോദിച്ചെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
പപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടിസ് നൽകാൻ പൊലീസിന് കഴിയില്ലെന്ന് ഹർജിക്കാർ വാദിച്ചു. എല്ലാ വകുപ്പുകളില്‍നിന്ന് ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ഈ അനുമതികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് വിശദമാക്കാൻ പൊലീസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയാൽ തന്നെ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ എന്തു ചെയ്യുമെന്ന ആശങ്കയും കോടതി പങ്കുവച്ചു.
നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം നേടാനൊരു സുവർണാവസരം. കൂടുതൽ അറിയാനും റജിസ്റ്റർ ചെയ്യാനും ‘മനോരമ ഓൺലൈൻ എലവേറ്റ്'