കടുത്ത പനി; യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ആശുപത്രിയിൽ
Mail This Article
വാഷിങ്ടൻ∙ വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്ടൗൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലാണ് 78 വയസ്സുകാരനായ ബിൽ ക്ലിന്റനെ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
2004ൽ, ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആറു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ കൊറോണറി ആർട്ടറിയിൽ സ്റ്റെന്റും ഘടിപ്പിച്ചിരുന്നു. രക്തത്തിലെ അണുബാധയെത്തുടർന്ന് 2021 ഒക്ടോബറിലും 5 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1993-2001 കാലഘട്ടത്തിൽ രണ്ടു തവണ യുഎസിനെ നയിച്ച ക്ലിന്റൻ, ബരാക് ഒബാമ(63)യ്ക്ക് ശേഷം, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ യുഎസ് പ്രസിഡന്റാണ്. ആരോഗ്യപരമായ വിഷയങ്ങൾ വേട്ടയാടി തുടങ്ങിയ ശേഷം സസ്യാഹാരിയാണ് ക്ലിന്റൻ.