ADVERTISEMENT

ജറുസലം ∙ ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (61) വധിച്ചത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടിട്ട് 5 മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട ശേഷം ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയാറായിരുന്നില്ല.‌

ഹമാസിന്റെയും ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ലയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതും ഇസ്രയേലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ നേതൃനിരയ്‌ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്നും കട്സ് മുന്നറിയിപ്പ് നൽകി. ടെഹ്റാൻ, ഗാസ, ലബനന്‍ എന്നിവിടങ്ങളിൽ ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ, ഉന്നത നേതാവ് യഹ്യ സിൻവർ, ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല എന്നിവരോട് ചെയ്തതിനു സമാനമായി അൽ ഹുദൈദ്, സന എന്നിവിടങ്ങളിലും നടപടി സ്വീകരിക്കുമെന്ന് കട്സ് വ്യക്തമാക്കി.

ഇറാൻ പ്രസിഡന്റായി മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലെ ടെഹ്റാനിൽ എത്തിയ ഹനിയെ താമസിച്ച വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ജൂലൈ 31 ന് നടന്ന സ്ഫോടനത്തിൽ ഹനിയെയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു. 2017 മുതൽ ഹമാസിന്റെ തലവനായിരുന്നു ഇസ്മയിൽ ഹനിയെ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്.

English Summary:

Israel Acknowledges It Killed Ex-Hamas Leader Ismail Haniyeh in Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com