വാളയാർ കേസ്: എം.ജെ. സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകാൻ തടസ്സമില്ലെന്ന് ഹൈക്കോടതി. സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ വിധി.
ക്രൈംബ്രാഞ്ച് എസ്പിയാണ് എം.ജെ. സോജൻ. സോജൻ പെൺകുട്ടികൾക്കെതിരെ മാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും ഐപിഎസും നൽകാനുള്ള സർക്കാർ നടപടിയെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.
പെൺകുട്ടികൾക്കെതിരെ സോജൻ വിവാദ പരാമർശം നടത്തി എന്നതിൽ എടുത്തിരുന്ന ക്രിമിനൽ കേസും ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. പോക്സോ നിയമപ്രകാരമുള്ള കേസ് ഇക്കഞ്ഞ സെപ്റ്റംബർ 11നാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ പെൺകുട്ടികളുടെ മാതാവ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.