വിവാദങ്ങൾക്കിടെ റെഡ് വൊളന്റിയർ പരേഡ് നയിച്ച് ആര്യ രാജേന്ദ്രൻ; വേദിയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വൊളന്റിയർ പരേഡ് നയിച്ച് മേയർ ആര്യ രാജേന്ദ്രൻ. വിഴിഞ്ഞം തിയറ്റർ ജംക്‌ഷനിൽ നിന്നാരംഭിച്ച മാർച്ചിനാണ് ആര്യ റെഡ് വൊളന്റിയർ യൂണിഫോം അണിഞ്ഞ് നേതൃത്വം നൽകിയത്. മാർച്ച് കഴിഞ്ഞ് വേദിക്കു മുന്നിലെത്തിയ ആര്യയെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിക്കാനായി വേദിയിലേക്കു വിളിച്ചു.
വേദിയിലെത്തിയ ആര്യ ശിവൻകുട്ടിക്കും ഒപ്പമുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ, എ.എ.റഹിം എന്നിവർക്കും സല്യൂട്ട് നൽകിയപ്പോൾ അവർ തിരിച്ചും സല്യൂട്ട് ചെയ്തു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ആര്യ വേദി പങ്കിട്ടതും റെഡ് വൊളന്റിയർ വേഷത്തിൽ തന്നെ.
ബാലസംഘം നേതാവായിരിക്കെയാണ് 21–ാം വയസ്സിൽ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തിരഞ്ഞെടുക്കപ്പെട്ടത് . നഗരസഭയും മേയറുമായും ബന്ധപ്പെട്ട വിവാദങ്ങളിൽ ജില്ലാ സമ്മേളനത്തിലടക്കം വിമർശനങ്ങൾ ഏറെ ഉയർന്നെങ്കിലും ജില്ലാ കമ്മിറ്റിയിലേക്കും ആര്യ ഉയർത്തപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ.