കാരവനുള്ളിൽ എസിയുടെ പ്രവർത്തനം നിലച്ചു; മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്?
Mail This Article
വടകര∙ കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേർ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണെന്ന് പ്രാഥമിക നിഗമനം. എസിയുടെ പ്രവർത്തനം നിലച്ചതോടെ പുറത്തുവന്ന വിഷവാതകമായ കാർബൺ മോണോക്സൈഡാകാം മരണത്തിന് ഇടയാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൂടി വന്നാലേ മരണകാരണം വ്യക്തമാകൂ. ഫൊറന്‍സിക് സംഘം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തി.
സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പറഞ്ഞു. സാക്ഷികളായി ആരുമില്ല. ഫൊറന്‍സിക് ഉള്‍പ്പെടെയുള്ള എല്ലാ സംഘങ്ങളുടെയും സേവനം തേടിയിട്ടുണ്ട്. കാരവന്‍ ഉടമയെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. കണ്ണൂരിലേക്കു പോയി തിരിച്ചുവരുന്ന വഴിയാണ് സംഭവം. ഭക്ഷണം കഴിക്കാനായി നിർത്തിയതാണെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
കാരവന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം പരിയാരത്ത് മനോജ് (49), കണ്ണൂർ തട്ടുമ്മൽ നെടുംചാലിൽ പരശ്ശേരിൽ ജോയൽ (26) എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. ഞായറാഴ്ച രാത്രി മുതൽ കാരവൻ കരിമ്പനപ്പാലം കെടിഡിസി ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.