ADVERTISEMENT

വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേർ മരിച്ചു കിടന്ന സംഭത്തിൽ വില്ലൻ കാർബൺ മോണോക്സൈഡാണ് എന്നാണ് പ്രാഥമിക വിവരം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിഷപ്പുക വാഹനത്തിൽ കടന്നാൽ മരണം സംഭവിക്കാം. വളരെ അപൂർവമായി ഇത്തരം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാറിൽ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയൽ നടൻ വിനോദ് തോമസ് മരിച്ചത് വിഷവാതകം ശ്വസിച്ചായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. വാഹനങ്ങളിലെ എസി ഇത്ര അപകടമാണോ? ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കാരവാനിലെ അപകടം

സാധാരണയായി കാരവനിൽ രണ്ടു തരം എസികളാണ് ഉപയോഗിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനത്തിലെ എസിയും നിർത്തിയിട്ടിരിക്കുമ്പോൾ സ്പ്ലിറ്റ് എസിയും. അപകടം നടന്ന കാരവൻ നിർത്തിയിട്ടിരുന്നതുകൊണ്ട് സ്പ്ലിറ്റ് എസി ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക. സ്പ്ലിറ്റ് എസി പ്രവർത്തിപ്പിക്കുന്നത് ജനറേറ്റർ ഉപയോഗിച്ചാണ്. ഇത് വാഹനത്തിനു പുറത്തേക്കു വരുന്ന രീതിയിൽ വച്ചു വേണം ഉപയോഗിക്കാൻ (കാരവനുകളിൽ ഇത്തരത്തിലുള്ള സംവിധാനമുണ്ട്). ഇങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ ജനറേറ്ററിൽ നിന്നുള്ള പുക വാഹനത്തിനുള്ളിൽ കടക്കാൻ സാധ്യതയുണ്ട്. അതു മരണകാരണമാകാം. എസിക്ക് തകരാർ സംഭവിച്ച് ഗ്യാസ് ലീക്കേജ് ഉണ്ടായാലും അപകടം സംഭവിക്കാം. എന്നാൽ വടകരയിൽ സംഭവിച്ച അപകടത്തിന് ഇതിലേതാണു കാരണമെന്നു വ്യക്തമല്ല.

അപകടം എങ്ങനെ?

അപൂർവമാണ് ഇത്തരം അപകടങ്ങൾ. ലോകത്തിന്റെ പലയിടത്തും ഇങ്ങനെ മരണവും സംഭവിച്ചിട്ടുണ്ട്. പെട്രോളിന്റെയോ ഡീസലിന്റെയോ പൂർണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷമുക്തമാക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല. എങ്കിലും ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാൽ അപകടമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായു പ്രവാഹം കൊണ്ട് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷേ നിർത്തിയിട്ട വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തു കടക്കാം. ഇത് കുറേ സമയം ശ്വസിച്ചാൽ മരണം സംഭവിക്കാം. ഉറങ്ങിക്കിടക്കുമ്പോഴാണ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിക്കുന്നതെങ്കില്‍ എന്താണു സംഭവിക്കുന്നതെന്നു പോലുമറിയാതെ ആൾ മരിക്കും

കാര്‍ബണ്‍ മോണോക്സൈഡ് എന്ന വില്ലൻ

മദ്യപിച്ചോ അല്ലാതെയോ ‘എസി’ യിൽ ഉറങ്ങിപ്പോകുന്ന പലർക്കും കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം മനസ്സിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാൽ, അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു. എയർ കണ്ടിഷണർ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ വാഹനത്തിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്.

കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും. ശ്വാസതടസ്സം, ഛർദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്. കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ.

കുട്ടികളെ കാറിലിരുത്തി പോകരുത്

മറ്റൊരു പ്രധാന അപകടമാണ് കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നത്. അങ്ങനെ പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും താഴ്ത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കും. ഗാരേജിൽ എൻജിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിയ ആൾ മരിച്ച വാർത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കരുത്. വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ നൽകേണ്ടിവരും. 

English Summary:

Tragic deaths in a Vadakara caravan highlight the dangers of carbon monoxide poisoning from car AC units. Learn about the risks, symptoms, and safety precautions to prevent such accidents. Understand the hidden dangers of improperly ventilated generators in caravans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com