ADVERTISEMENT

തിരുവനന്തപുരം ∙ മതങ്ങളെ മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹര ആവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണു നമ്മുടെ കരുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാൻ ചില ക്ഷുദ്ര വർഗീയശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർഥ്യത്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ചു നിൽക്കാൻ സാധിക്കണമെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച ക്രിസ്മസ് ആശംസാക്കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കുവയ്ക്കാനുള്ള അവസരമായാണു നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തുചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്.

മതങ്ങളെ മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണു നമ്മുടെ കരുത്ത്. അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർഥ്യത്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ചു നിൽക്കാൻ നമുക്കു സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാർഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ.

വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ചു മനുഷ്യസ്നേഹത്തിന്റെ സാക്ഷാത്കാരമാണെന്നും ലോകത്തിനു കാണിച്ചുകൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും അനശ്വരപ്രതീകമാണു ക്രിസ്തു. അശരണരെയും ആലംബഹീനരെയും ചേർത്തുനിർത്തിയ യേശു, അനീതികൾക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയർത്തുകയാണു ചെയ്തത്. യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്റെ പടിക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ലാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവം ക്രിസ്മസ് ആശംസകൾ നേരുന്നു.

English Summary:

Chief Minister Pinarayi vijayan's Christmas Message: Pinarayi Vijayan's Christmas message highlights Kerala's commitment to religious tolerance. Condemns recent attacks on Christmas celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com