ADVERTISEMENT

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. തിരക്കിൽ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. 

അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നൽകുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അല്ലു അരവിന്ദ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദിൽരാജു പറ‍ഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് പറ‌‍ഞ്ഞത് ആരുടെയും സമ്മർദം കൊണ്ടല്ലെന്നും ഭാസ്കർ പറഞ്ഞു.

ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെയാണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററിൽ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അർജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്നു.

English Summary:

Allu Arjun, Pushpa 2 makers announce ₹2 crore aid to Sandhya Theatre stampede victim's family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com