ഉറ്റവരില്ലാത്ത ക്രിസ്മസ്; ചൂരൽമലയിലും മുണ്ടക്കൈയിലും എന്നുദിക്കും സന്തോഷ നക്ഷത്രം?
Mail This Article
മേപ്പാടി ∙ പച്ച പുതച്ച മലനിരകളിൽ മഞ്ഞു പെയ്യുമ്പോൾ, ആകാശത്തെന്ന പോലെ ഭൂമിയിലും നക്ഷത്രങ്ങളുദിക്കുമായിരുന്നു അവിടെ. കുന്നിൻ ചരിവുകളിലെ നാട്ടുപാതകളിലൂടെ കാരൾസംഘങ്ങൾ ആഘോഷഗാനങ്ങളുമായി ചുവടുവച്ചു പോകുമായിരുന്നു. തിരുപ്പിറവിയുെട രാത്രിയിൽ പള്ളികൾ പ്രാർഥനാഗീതങ്ങളാകുമായിരുന്നു. ക്രിസ്മസ് ലോകത്തിനാകെയെന്ന പോലെ അവർക്കും ആഹ്ലാദത്തിന്റെ പിറവിദിനമായിരുന്നു. ഇന്ന് ഹൃദയമുരുകുന്ന വേദനയിലാണ് ചൂരൽമലയും മുണ്ടക്കൈയും. ഇത്തവണ ക്രിസ്മസ് അവർക്കു സന്തോഷത്തിന്റെ ദിനരാത്രങ്ങളല്ല, അകാലത്തിൽ വിട്ടുപോയ പ്രിയപ്പെട്ടവരെയോർത്ത് നെഞ്ചുനീറുന്ന ദിവസങ്ങളാണ്.
41 വീട്ടുകാർ മാത്രമുള്ള ചെറിയ ഇടവകയായിരുന്നു ചൂരൽമല. ഉരുൾ അതിലെ മൂന്നു കുടുംബങ്ങളെ കൊണ്ടുപോയി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകയിൽ കഴിഞ്ഞ വർഷം വരെ വലിയ ആഘോഷമായിരുന്നു ക്രിസ്മസ്. മാർഗം കളിയും കാരൾ ഗാനമത്സരവും പുൽക്കൂടൊരുക്കലുമെല്ലാം വലിയ ആവേശത്തോടെ നടന്നിരുന്നു. എന്നാൽ ഇക്കൊല്ലം കാരൾ പോലും ഇല്ല. ഇറ്റുവീഴാനൊരുങ്ങുന്ന കണ്ണുനീർത്തുള്ളി പോലെ ചില വീടുകൾക്കു മുന്നിൽ നക്ഷത്രങ്ങളുണ്ടെന്നു മാത്രം. ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു പൂർണമായും മുക്തരായിട്ടില്ല ചൂരൽമലക്കാർ. അതുകൊണ്ട് ആഘോഷം നടത്താനുള്ള മാനസികാവസ്ഥയിലല്ല. ക്രിസ്മസ് ദിനത്തിൽ പള്ളിയിലെ പ്രാർഥനകൾ മാത്രം പതിവു പോലെ നടത്താനാണ് ഇടവകക്കാരുടെ തീരുമാനം.
മുണ്ടക്കൈയിലെ സിഎസ്ഐ പള്ളി അടച്ചിട്ടിരിക്കുകയാണ്. ഉരുൾപൊട്ടലിൽ പള്ളിക്കു കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും അവിടുത്തെ വിശ്വാസികളിൽ പലരെയും ദുരന്തം കവർന്നെടുത്തു. പ്രിയപ്പെട്ടവരും ബന്ധുക്കളുമൊക്കെ നഷ്ടമായവർ മറ്റു ദേശങ്ങളിലേക്കു പോയി. തമിഴ് സംസാരിക്കുന്ന ധാരാളം പേർ മുണ്ടക്കൈയിലുണ്ടായിരുന്നതിനാൽ വിശേഷ ദിവസങ്ങളിൽ തമിഴിലും പ്രാർഥന ചൊല്ലാറുള്ള പള്ളിയായിരുന്നു ഇത്. ഉരുൾ അലറിവന്നപ്പോൾ ആളുകൾ പ്രാണനും കയ്യിൽപിടിച്ച് ഓടിക്കയറിയത് ഈ പള്ളിമുറ്റത്തേക്കായിരുന്നു. ഈ പള്ളി ഇടവകയിലും മുപ്പതിൽ താഴെ കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. കഴിഞ്ഞ വർഷം വരെ ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചിരുന്ന പള്ളിയിൽ ആഘോഷമില്ല. മുണ്ടക്കൈയിലെ കുന്നിൽ മുകളിൽ ദുരന്തത്തിന്റെ മൂകസാക്ഷിയെന്ന പോലെ പൊടിയും മാറാലയും പിടിച്ച് സിഎസ്ഐ പള്ളി നിൽക്കുന്നു. മുണ്ടക്കൈയിലെ വിശ്വാസികൾ ഇപ്പോൾ മേപ്പാടിയിലെ സിഎസ്ഐ പള്ളിയിലാണ് പ്രാർഥിക്കാൻ പോകുന്നത്.
സന്നദ്ധ സംഘടനകളും വ്യക്തികളും മതസ്ഥാപനങ്ങളുമൊക്കെ ക്രിസ്മസിനോടനുബന്ധിച്ച് ദുരന്തബാധിതരുടെ വീടുകളിൽ കേക്കും അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുമെത്തിക്കുന്നുണ്ട്. ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു നിറവേറ്റുന്നുണ്ട്. സഹായമെത്തിക്കുന്നതിൽ ജാതിമതഭേദമില്ല. ദുരന്തത്തിൽ വീടു നഷ്ടമായവർ ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്. സ്വന്തം വീട്ടിൽ ഇനിയെന്നു ക്രിസ്മസ് ആഘോഷിക്കാനാവുമെന്നാണ് അവരുടെ സങ്കടം.
ദുരന്തമുണ്ടായി അഞ്ചു മാസം കഴിഞ്ഞിട്ടും പലരുടെയും നെഞ്ചിലെ ഭയത്തിന്റെ മുഴക്കം നിലച്ചിട്ടില്ല. തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഇപ്പോഴും ജോലിക്കു പോകാനാവുന്നില്ല. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്. ദുരന്തത്തിനിടെ ഓണം കടന്നുപോയതൊന്നും ചൂരൽമലക്കാരും മുണ്ടക്കൈക്കാരും അറിഞ്ഞിരുന്നില്ല; ഇപ്പോൾ ക്രിസ്മസും.
ഈ ക്രിസ്മസ് ദിനത്തിൽ അവരുടെ പ്രാർഥന സങ്കടത്തിന്റെ ഉരുൾപ്പാച്ചിലുകളൊടുങ്ങി ജീവിതം തെളിയണമെന്നാണ്. അവരുടെ ദുഃസ്വപ്നങ്ങൾക്കുമേൽ സന്തോഷത്തിന്റെ തിരുപ്പിറവിയുണ്ടാകട്ടെ. അവർ സ്വസ്ഥരാകട്ടെ.