ആഘോഷത്തണുപ്പിൽ മൂന്നാർ; മുറികൾ നിറഞ്ഞു; ഒരുങ്ങി കച്ചവടക്കാരും പൊലീസും
Mail This Article
കുറുനിരയിൽ ചുരുൾമുടിയിൽ പുതു കുറുഞ്ഞിപ്പൂ തിരുകും
മൂന്നാറിൻ മണമുള്ള കാറ്റ്
പാമ്പാടുംപാറകളിൽ കുളിരുടുമ്പൻ ചോലകളിൽ
കൂട്ടാറിൽ പോയി വരും കാറ്റ്
പോരുന്നിവിടേ... ചായുന്നിവിടേ...
വെടിവട്ടം പറയുന്നുണ്ടിവിടേ...
ഈ വരികളിലുണ്ട് മൂന്നാറിലെ ക്രിസ്മസ്, പുതുവൽസര വൈബ്. സന്തോഷമുള്ള മുഖങ്ങളാണ് എവിടെയും. ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും എത്തിയവർ. കേരളത്തിനു പുറത്തുനിന്നുള്ളവരും ധാരാളം. ഹോട്ടലുകൾക്കു മുന്നിൽ നിരനിരയായി വാഹനങ്ങൾ. ഒരു മുറി കിട്ടുമോയെന്ന് അന്വേഷിച്ച് ഹോട്ടലുകളിലെത്തുന്നവർ. ജനുവരി 3 വരെ സൂചികുത്താൻ ഇടയില്ലാത്തവണ്ണം തിരക്കായിരിക്കുമെന്നാണ് ഹോട്ടലുകാർ പറയുന്നത്.
വരുന്ന അതിഥികളിൽ ഭൂരിഭാഗവും പരമാവധി രണ്ടു ദിവസമാണ് താമസിക്കുക. എന്നാൽ ഒരു മുറി ഒഴിവായാലുടൻ ചെക്ക് ഇൻ ചെയ്യാൻ കാത്തുനിൽക്കുന്നവരുടെ നിര തന്നെയുണ്ട്. തമിഴ്നാട്, കർണാടക സ്വദേശികളും ഹോട്ടലുകളിൽ മുറികൾ മുറി ബുക്ക് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്. രാത്രി പല ഹോട്ടലുകളിലും ഡിജെ പാർട്ടികളുണ്ട്. ആകർഷകമായ നിരക്കുകളിൽ ബുഫെ ഡിന്നറുകളുമുണ്ട്.
ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആയതിനാൽ ഹണിമൂണിന് എത്തുന്നവരാണ് ഹോട്ടലിൽ മുറിയെടുക്കുന്നവരിൽ അധികവുമെന്ന് ക്ലൗഡ് വാലി ഹോട്ടലിന്റെ ജനറൽ മാനേജർ വിനോദ് പറഞ്ഞു. മലയാളികളും ധാരാളമുണ്ട്. ഈ സമയത്തെ കാലാവസ്ഥയും വെക്കേഷനുമാണ് കൂടുതൽ പേരെയും മൂന്നാറിലേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി അഞ്ചാം തീയതി ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ബുക്കിങ് ഏറെക്കുറെ പൂർത്തിയായെന്ന് പഞ്ചനക്ഷത്ര ഹോട്ടലായ ഫ്രാഗ്രറ്റ് നാച്വറിന്റെ ജനറൽ മാനേജർ ജസ്റ്റിൻ ജോസ് പറഞ്ഞു. വിദേശികളും എത്തുന്നുണ്ട്. മലയാളികളെക്കാൾ പുറത്തുള്ളവരാണ് അധികമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം 7 ഡിഗ്രി സെൽഷ്യസ് ആയിരുന്ന കാലാവസ്ഥ ജനുവരിയിലേക്ക് അടുക്കുമ്പോഴേക്കും മൈനസാകും. നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. കുളിരേറിയ ഈ കാലാവസ്ഥ അനുഭവിക്കാന്‍ മറുനാടുകളില്‍നിന്നുപോലും സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ കച്ചവടക്കാർക്കെല്ലാം ക്രിസ്മസ് കഴിഞ്ഞാലും പഞ്ഞകാലം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കുന്നതിനായി അതിരാവിലെ തന്നെ മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ വസന്തവും ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയുമാണ് ഒരു തവണ വന്നവരെ മൂന്നാറിലേക്ക് വീണ്ടും ആകർഷിക്കുന്നത്. കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും അവയെ പൊതിഞ്ഞ് നിൽക്കുന്ന മഞ്ഞുതുള്ളികളും കോടപുതച്ചുകിടക്കുന്ന മലയിടുക്കുകളും അവയെ മുറിച്ചെത്തുന്ന കൊച്ചരുവികളും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്.
ക്രിസ്മസ് അവധി ആഘോഷിക്കാൻ എത്തുന്നവർക്ക് ഗതാഗതക്കുരുക്കാണ് രസംകൊല്ലി. ഒരു സ്പോട്ടിൽനിന്നു മറ്റൊരിടത്തേക്ക് എത്തണമെങ്കിൽ ഈ കുരുക്ക് താണ്ടണം. പകൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കാണ്. പ്രവേശന ടിക്കറ്റിനും ബോട്ടിങ്ങിനുമൊക്കെ പലപ്പോഴും ഏറെനേരം കാത്തുനിൽക്കണം.
ചെറിയ റോഡുകളാണ് മൂന്നാറിലെ ഗതാഗതതടസ്സത്തിന്റെ പ്രധാന കാരണമെന്ന് മൂന്നാർ സിഐ രാജൻ കെ. അരമന പറഞ്ഞു. സമാന്തര റോഡുകൾ ഇല്ലാത്തതാണ് പ്രശ്നം. ആളുകൾ കൂടുന്നിടത്തെല്ലാം ഗതാഗതക്കുരുക്കുണ്ട്. ഗതാഗത തടസ്സമുണ്ടാകുന്ന ഇടങ്ങളിൽ 20 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. പ്രശ്നസാധ്യത മേഖലകളിൽ അടക്കം ഇവർ നിലയുറപ്പിച്ചിട്ടുണ്ട്, സഞ്ചാരികൾക്ക് അസൗകര്യങ്ങളുണ്ടാകാതിരിക്കാനും വിനോദസഞ്ചാരം ആസ്വദിക്കാനും വേണ്ടതു ചെയ്യുന്നതിൽ പൊലീസ് ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.