700 അടി താഴ്ചയിൽ 2 ദിവസം; കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു
Mail This Article
ജയ്പൂർ ∙ രാജസ്ഥാനിലെ ബെഹ്‌റോർ ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 700 അടി താഴ്ചയുള്ള കിണറിൽ രക്ഷാസംഘം വടത്തിൽ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നതിനിടെയാണ് പുതിയ ശ്രമം.
തിങ്കളാഴ്ചയാണ് മൂന്നുവയസ്സുകാരിയായ ചേതന 700 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിൽ വീണത്. അച്ഛന്റെ കൃഷിയിടത്തിലെത്തിയ പെണ്‍കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്നിരിക്കുകയായിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചത്. രാജസ്ഥാനിലെ ദൗസയിലായിരുന്നു ഈ സംഭവം. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണ കുട്ടിയെ മൂന്നുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.