ഇനി വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും ഉപയോഗിക്കാം; നിരോധനം പിൻവലിച്ച് ഇറാൻ
Mail This Article
ടെഹ്റാൻ∙ ഇറാനിൽ വാട്സാപ്പിന്റെയും ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ചു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സുപ്രധാന ചുവടുവയ്‌പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘‘ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും നടത്തി. പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നു’’ – പ്രഖ്യാപനത്തിനു ശേഷം ഇറാൻ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രി സത്താർ ഹഷെമി എക്സിൽ കുറിച്ചു.
പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നത്. വാട്സാപ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ആഗോള സേവനങ്ങൾ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുൻഗണന നൽകുന്ന സമീപനം തുടരുമെന്ന് സർക്കാർ അറിയിച്ചു.