ADVERTISEMENT

അസ്താന∙ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപമാണ് വിമാനം തകർന്നു വീണത്. 

ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ജിൻസ് മനോരമ ഓൺലൈനോട് പറഞ്ഞു. കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിർത്തി ജിൻസും കൂടെയുള്ളയാളും അപകടസ്ഥലത്തേക്ക് ഓടി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തതിനാൽ വളരെ അടുത്തേക്ക് പോകാനായില്ല.

കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ, വിമാനാപകടത്തിന്റെ ദൃശ്യം (Photo:Special Arrangement)
കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ, വിമാനാപകടത്തിന്റെ ദൃശ്യം (Photo:Special Arrangement)

പരുക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതു കണ്ടു. അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായാണ് വിമാനം എത്തിയത്. വിമാനത്താവളത്തിന് 30 കിലോമീറ്റർ അകലെ കടൽത്തീരത്തായാണ് വിമാനം ലാൻഡ് ചെയ്തതും തകർന്നതും. കടലിൽ വീണിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നു ജിൻസ് പറഞ്ഞു.

കാസ്പിയന്‍ കടലിന്റെ തീരത്ത് വളരെ വേഗം വളരുന്ന ചെറു പട്ടണമായ അൽഷുക്കൂർ എന്ന സ്ഥലത്താണ് അപകടം നടന്നത്. കടലിൽനിന്ന് 100 മീറ്റർ മാറിയാണ് വിമാനം വീണത്. എമർജൻസി ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികൾ പറയുന്നുണ്ടെന്ന് ജിൻസ് പറഞ്ഞു. അക്തൗവിൽ മലയാളികൾ വളരെ കുറവാണ്. ജിൻസിന്റെ കുടുംബം കൊറോണ സമയത്ത് നാട്ടിലേക്ക് വന്നു. അപകടം നടന്നശേഷം രക്തം നൽകുന്നതിനടക്കം ആശുപത്രിയിലേക്ക് പോയതായി ജിൻസ് പറയുന്നു. 

ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. 29പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്നിഗോളമായി മാറി.

English Summary:

Azerbaijan Airlines crash: A Malayali man witnessed the final moments of the Azerbaijan Airlines plane crash near Aktau, Kazakhstan. Jins Manjakkal, from Kerala, India, described the scene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com