തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിങ്, ആ പദവിയിലേക്ക് എത്തുംമുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്‌ടാവായി മൻമോഹൻ സിങ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് മൊറാർജി ദേശായി, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. അവർ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന പ്രേരക ശക്‌തിയായിരുന്നു മൻമോഹൻ.
രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ, സ്വന്തം പാർട്ടിക്കാരുടെ എതിർപ്പിനെപ്പോലും അവഗണിച്ചാണ് പ്രധാനമന്ത്രി നരസിംഹറാവു മൻമോഹൻ സിങ്ങിനെ കേന്ദ്ര ധനമന്ത്രിയായി നിയോഗിച്ചത്. സാമ്പത്തിക രംഗത്ത് മൻമോഹന്റെ മികവ് അടുത്തറിയാമായിരുന്ന റാവുവിന്റെ തീരുമാനം തെറ്റിയില്ലെന്നു കാലം തെളിയിച്ചു. റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ തുടങ്ങിയ പദവികളിലും രണ്ടു പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്‌ടാവ് എന്ന നിലയിലും പ്രവർത്തിച്ച അനുഭവസമ്പത്തുമായി ധനമന്ത്രിയായ മൻമോഹൻ സിങ് 1991 ജൂലൈ 24ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെയാണ് ഇന്ത്യയിൽ ഉദാരവൽക്കരണത്തിനു തുടക്കമായത്. എതിർപ്പ് ഉയർന്നെങ്കിലും തീരുമാനത്തിൽ ഉറച്ചു നിന്ന് തന്റെ വാദങ്ങൾ പിഴവില്ലാതെ അവതരിപ്പിച്ചു അദ്ദേഹം.
1991 മുതൽ 1996 വരെ ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ബജറ്റുകൾ രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വരുത്തിയതു വലിയ മാറ്റങ്ങളാണ്. ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്‌തിയാക്കി മാറ്റുന്നതിൽ മുഖ്യപങ്കു വഹിച്ച അദ്ദേഹം, ലോകത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ധനമന്ത്രിമാരിൽ ഒരാളായും മാറി. 2004 ൽ കോൺഗ്രസ് അധികാരത്തിൽ തിരികെയെത്തിയപ്പോൾ പാർട്ടി നേതൃത്വം പ്രധാനമന്ത്രിപദത്തിലേക്ക് മൻമോഹൻ സിങ്ങിനെ നിയോഗിച്ചു. സമ്പദ്‌വ്യവസ്ഥയെ ആധുനികതയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ നയങ്ങളും പ്രവർത്തനങ്ങളും ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിയ ശക്തിയായി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു.
രണ്ടു യുപിഎ സർക്കാരുകൾക്കു ശേഷം ബിജെപി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ഭരണകാലത്തും മൻമോഹൻ എന്ന സാമ്പത്തിക ശാസ്‌ത്രജ്‌ഞന്റെ മികവ് ലോകം മനസ്സിലാക്കി. നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ വളർച്ചാനിരക്ക് 2% പിന്നോട്ടടിക്കുമെന്ന മൻമോഹൻ സിങ്ങിന്റെ പ്രവചനം സത്യമായി. തിരക്കു പിടിച്ചു ജിഎസ്ടി നടപ്പാക്കിയാൽ വ്യവസായ മേഖല മുരടിക്കുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പും പിഴച്ചില്ല.
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ തിളക്കത്തിൽ പ്രധാന പങ്ക് വഹിച്ചവരിൽ മൻമോഹൻ സിങ്ങുമുണ്ട്. അദ്ദേഹം തുടങ്ങിവച്ച ഉദാരവൽകരണത്തിന് ആക്കം കൂട്ടുന്നതാണ് പിന്നീട് അവതരിപ്പിക്കപ്പെട്ട എല്ലാ ബജറ്റുകളും എന്നതും ഈ മികവിന്റെ തെളിവാണ്.
English Summary:
Manmohan Singh : Manmohan Singh's economic reforms revolutionized India. His tenure as Finance Minister and Prime Minister fundamentally reshaped the nation's economic landscape, leading to significant growth and global recognition.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.