ADVERTISEMENT

തിരുവനന്തപുരം ∙ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞ ഘട്ടത്തിലും ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ യാതൊരു സംവിധാനവും സംസ്ഥാനത്ത് നിലവിലില്ല. നഷ്ടപരിഹാരം നല്‍കാന്‍ 2016ല്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. തെരുവുനായ ആക്രമണം സംബന്ധിച്ച് സുപ്രീംകോടതി മേയില്‍ പ്രസ്താവിച്ച വിധി പ്രകാരം കമ്മിറ്റി തുടരുന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് പ്രവര്‍ത്തനം ഇല്ലാതായത്.

കൊച്ചി ആസ്ഥാനമായ കമ്മിറ്റിയില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരുന്നു. പരുക്കിന്റെ ഗൗരവം, പരുക്കേറ്റയാളുടെ പ്രായം, ജോലി നഷ്ടം, അംഗവൈകല്യം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു നഷ്ടപരിഹാരം തീരുമാനിച്ചിരുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ എങ്ങുമില്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു. സുപീംകോടതി കേസുകള്‍ തീര്‍പ്പാക്കിയപ്പോള്‍ കമ്മിറ്റിയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ആ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓഫിസ് പ്രവര്‍ത്തിക്കുകയും കിട്ടുന്ന അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നുമുണ്ട്. അപേക്ഷകള്‍ പരിശോധിച്ചു കമ്മിറ്റി സര്‍ക്കാരിനു നല്‍കുകയാണു ചെയ്തിരുന്നത്. സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണു നഷ്ടപരിഹാരം നല്‍കിയിരുന്നത്. ഈ സംവിധാനമാണ് ഇല്ലാതായിരിക്കുന്നതെന്നും ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു. തെരുവുനായ ആക്രമണത്തിന് ഇരയായ 34 പേര്‍ക്കായി ഓഗസ്റ്റില്‍ സമിതി 63.59 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ഒരാള്‍ക്ക് 17.53 ലക്ഷം രൂപയും കുറ്റിക്കാട്ടൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്ക് 14.55 ലക്ഷം രൂപയും അനുവദിച്ചു. 4 ഇരകള്‍ക്ക് ഒരു ലക്ഷത്തിനു മുകളില്‍ തുകയാണ് അനുവദിച്ചിരുന്നത്.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ 2016ല്‍ ആണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചത്. ആയിരത്തിലധികം പേര്‍ക്കു നഷ്ടപരിഹാരം അനുവദിച്ചിരുന്നു. നിലവില്‍ ഏഴായിരത്തോളം അപേക്ഷകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. തെരുവുനായയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതത് ഹൈക്കോടതികളില്‍ ഉന്നയിക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മേയില്‍ കേസുകള്‍ തീര്‍പ്പാക്കിയത്. നഷ്ടപരിഹാര കമ്മിറ്റി സംബന്ധിച്ച വിഷയത്തിലും വ്യക്തത വരുത്തേണ്ടത് സുപ്രീംകോടതിയാണ്.

വിഷയം കോടതിയുടെ മുന്നില്‍ എത്തുന്നതുവരെ കമ്മിറ്റിയുടെ പ്രവര്‍ത്തനം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. കേസില്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ഒരു മാര്‍ഗം. കമ്മിറ്റിക്കു പരാതി നല്‍കിയിട്ടുള്ളവര്‍ക്കും സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയും. 2001ലെ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമപ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരുന്നത്. 2023ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമം വിജ്ഞാപനം ചെയ്തു. നിലവില്‍ രാജ്യത്ത് ഈ നിയമമാണു നടപ്പാകുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2001ലെ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമപ്രകാരം രൂപീകൃതമായ കമ്മിറ്റിയുടെ കാര്യത്തില്‍ അവ്യക്തത രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. 

തെരുവുനായ്ക്കളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 15 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. കൂടാതെ 9 എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും വകുപ്പ് വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തീവ്ര വാക്‌സിനേഷന്‍ യജ്ഞം, അഭയ തീവ്ര വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ശുചിത്വയജ്ഞം, ഐഇസി ക്യാംപെയ്ന്‍ എന്നിവയാണു നടത്തുന്നത്. 2016 മുതല്‍ 2024 മേയ് വരെ സംസ്ഥാനത്ത് 1,04,256 നായ്ക്കളെ വന്ധ്യംകരണം നടത്തി.

2023ലെ എബിസി നിയമത്തില്‍ ഭേദഗതി വേണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. 2023ല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി 3 ലക്ഷത്തിലധികം വളര്‍ത്തു നായ്ക്കള്‍ക്കും നാല്‍പതിനായിരത്തോളം തെരുവുനായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കി. ഇതിനായി 1.72 കോടി രൂപയാണു ചെലവിട്ടത്.

English Summary:

Stray dog attacks compensation: Stray dog attacks in Kerala leave victims without compensation due to an inactive committee. Thousands of pending applications highlight the urgent need for government intervention and Supreme Court clarification.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com