പുഷ്പ2 പ്രദർശനത്തിനിടെ മരണം; ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് രേവന്ത് റെഡ്ഡി
Mail This Article
ഹൈദരാബാദ്∙ ക്രമസമാധാന പാലനത്തിൽ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമാ താരങ്ങളുമായും സംവിധായകരുമായും നിർമാതാക്കളുമായും നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
-
Also Read
അധികം ആരും അറിയാത്ത ഒരു എംടി
അല്ലു അർജുൻ അഭിനയിച്ച പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ തിയറ്ററിൽ ഉണ്ടായ തിരക്കിൽ യുവതി മരിച്ച സംഭവത്തെ തുടർന്നാണ് സർക്കാർ യോഗം വിളിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പൊലീസിന്റേതുപോലെ താരങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താരങ്ങൾ ജനക്കൂട്ടത്തിനിടയിലേക്ക് എത്തുമ്പോൾ പൊലീസ് നിർദേശങ്ങൾ പാലിക്കണം. സ്പെഷൽ സിനിമാ ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, താരങ്ങളുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും മുന്നറിയിപ്പ് നൽകി. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റായ ഇടപെടലാണ് തിക്കും തിരക്കും ഉണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ഡിസംബർ നാലിന് നടന്ന പുഷ്പ 2 പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. മകൻ ശ്രീതേജ (9) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. അപ്രതീക്ഷിതമായി താരം തിയറ്ററിൽ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അർജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്നു. പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടിരൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.