ADVERTISEMENT

കൊച്ചി ∙ ‘‘ടീം വർക്കാണ് ഏറ്റവും പ്രധാനം. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ പൊരുതും. തൽക്കാലം ഈ മത്സരം മാത്രമേ മുന്നിലുള്ളൂ. ബാക്കിയെല്ലാം പിന്നീട്’’ – നിർണായക ഐഎസ്എൽ പോരാട്ടത്തിൽ ഇന്നു കൊൽക്കത്ത മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടി.ജി.പുരുഷോത്തമന്റെ വാക്കുകളിൽ സമ്മർദത്തിന്റെ അത്യുഷ്ണം പ്രകടം.

താൽകാലികമാണെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പരിശീലക വേഷമണിയുന്ന ആദ്യ മലയാളിയാണു മുൻ സന്തോഷ് ട്രോഫി താരം കൂടിയായ പുരുഷോത്തമൻ. തുടർ തോൽവികളിൽ ഉഴറി നിൽക്കെ, പാതിവഴിയിൽ മുഖ്യ പരിശീലകൻ മികായേൽ സ്റ്റാറെ പുറത്താക്കപ്പെട്ടതിനു തൊട്ടു പിന്നാലെ ടീമിനെ കളത്തിലിറക്കുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിനു മുന്നിൽ. ഇന്നു രാത്രി 7.30 നു കലൂർ സ്റ്റേഡിയത്തിലാണു ബ്ലാസ്റ്റേഴ്സ് മുഹമ്മദൻസ് പോരാട്ടം. മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തൽസമയം.

ആരാധകരേ ഇതിലേ, ഇതിലേ...

മത്സരത്തലേന്നു നടന്ന മാധ്യമസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണയുടെ മുഖത്ത് പതിവു ചിരിയുണ്ടായിരുന്നില്ല. ആരാധകരുടെ നിരാശയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഞാൻ അവരെ മനസ്സിലാക്കുന്നു. എപ്പോഴും, അവർ ഞങ്ങൾക്കൊപ്പമുണ്ടാകണം. അവരുടെ പിന്തുണയാണ് ഏറെ പ്രധാനം. നോക്കൂ, എല്ലാ മത്സരങ്ങളിലും 100 ശതമാനം ആത്മാർഥമായാണു ഞങ്ങൾ കളിക്കുന്നത്. ചിലപ്പോൾ അതു ഫലം കാണും, ചിലപ്പോൾ ഫലമുണ്ടാകില്ല. പക്ഷേ, ഒരു മത്സരത്തിലും ഞങ്ങൾ അധ്വാനിക്കാതിരുന്നിട്ടില്ല.

ആരാധകർ അതു മനസ്സിലാക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നു തന്നെയാണ് എന്റെ വിശ്വാസം.’’ സ്റ്റാറെ പുറത്താക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനു ലൂണ നൽകിയതു പരോക്ഷ മറുപടി: ‘‘സംഭവിച്ചതെല്ലാം സംഭവിച്ചു. ഇനി ആലോചിക്കുന്നതിൽ അർഥമില്ല. അടുത്ത കളി ജയിക്കുകയാണു പ്രധാനം. അതിനാകട്ടെ, മാന്ത്രിക വഴികളൊന്നുമില്ല!’’

സെറ്റാക്കണം, പ്രതിരോധം

12 കളികളിൽ‌ 7 തോൽവി. ഒടുവിൽ കളിച്ച മൂന്നിലും തോൽവി. ആകെ 11 പോയിന്റുമായി 10–ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്നു ജയിക്കേണ്ടത് അത്യാവശ്യം. പട്ടികയിൽ അവസാന സ്ഥാനത്തുള്ള മുഹമ്മദൻസാണ് എതിരാളിയെന്നു കരുതി ആശ്വസിച്ചിരിക്കാനും കഴിയില്ല ബ്ലാസ്റ്റേഴ്സിന്. ആകെ പാളിയ പ്രതിരോധം ‘സെറ്റ്’ ആക്കിയാൽ പാതി ജയിച്ചു. 24 ഗോൾ വഴങ്ങിയ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അതുതന്നെ.

ഗോൾവലയ്ക്കു മുന്നിൽ ആരെ നിർത്തുമെന്ന ആശയക്കുഴപ്പവുമുണ്ട്, ടീമിന്. സച്ചിൻ സുരേഷിനെയും സോം കുമാറിനെയും പരീക്ഷിച്ചു കഴിഞ്ഞു. അവശേഷിക്കുന്നതു നോറ ഫെർണാണ്ടസ് മാത്രം. അദ്ദേഹത്തിന് അവസരം ലഭിക്കുമോയെന്നു കാത്തിരുന്നു കാണാം. അതേസമയം, ലൂണ– ഹെസൂസ് ഹിമെനെ– നോവ സദൂയി മുന്നേറ്റ നിരയ്ക്കു ഗോളടിക്കാൻ കഴിയുന്നു എന്ന ആശ്വാസവുമുണ്ട്.

English Summary:

Kerala Blasters vs Mohammedan SC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com