പതിവ് തെറ്റിച്ചില്ല: പാമില ഇത്തവണ സമ്മാനിച്ചത് നാൽപതിലേറെ കേക്ക്; പ്രിയപ്പെട്ടവർക്ക് സൗജന്യമായി കേക്ക് സമ്മാനിക്കാൻ തുടങ്ങിയിട്ട് 10 വർഷം
Mail This Article
അബുദാബി ∙ ക്രിസ്മസ് ആഘോഷം മധുരതരമാക്കാൻ സ്വന്തമായി കേക്ക് ഉണ്ടാക്കി സമ്മാനിക്കുന്ന പതിവിന് ഇത്തവണയും മുടക്കം വരുത്തിയില്ല എറണാകുളം കളമശേരി സ്വദേശി പാമില ഫിലിപ്. സ്വന്തം കൈപ്പുണ്യത്തിൽ ചാലിച്ച കൂട്ടുകളുമായി ഒരാഴ്ച മുൻപുതന്നെ ക്രിസ്മസ് കേക്ക് ഉണ്ടാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി വീട്ടിൽ എത്തിച്ചു. ഇത്തവണ നാൽപതിലേറെ കേക്കുകളാണ് സമ്മാനിച്ചത്.
അബുദാബി അൽദാർ പ്രോപ്പർട്ടീസിലെ എച്ച്ആർ വിഭാഗം വൈസ്പ്രസിഡന്റായ പാമിലയുടെ ഈ പതിവിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കേക്കിനുള്ള തയാറെടുപ്പുകൾ ആഴ്ചകൾക്കു മുൻപേ നടത്തും. ഒരേസമയം 4 കേക്കിന് ആവശ്യമായ ചേരുവകളെല്ലാം ചേർത്ത് പായ്ക്കറ്റ് ആക്കി അവധി ദിവസം കേക്ക് ഉണ്ടാക്കും. ഭംഗിയായി അലങ്കരിച്ച് പ്രത്യേകമായി പായ്ക്ക് ചെയ്താണ് സമ്മാനിക്കുന്നത്. കൂടാതെ ഓഫിസിലേക്ക് വലിയ കേക്ക് ഉണ്ടാക്കി എല്ലാവർക്കും വിതരണം ചെയ്യും.
വർഷങ്ങൾക്കു മുൻപ് 6 കേക്ക് ഉണ്ടാക്കി വേണ്ടപ്പെട്ടവർക്ക് സമ്മാനിച്ചായിരുന്നു തുടക്കം. വർഷം കഴിയുന്തോറും പാമിലയുടെ കേക്കിനായി കാത്തിരിക്കുകയാണ് പലരും. ക്രിസ്മസിന് 2 ആഴ്ച മുൻപുതന്നെ കേക്ക് റെഡിയായില്ലേ എന്ന് ചോദ്യം വന്നുതുടങ്ങും. ഭർത്താവും ഇത്തിസലാത്തിൽ സീനിയർ മാനേജരുമായ ബിജോ മാത്യു ഫിലിപ് പിന്തുണയുമായി ഒപ്പമുണ്ട്. ബിജോ കേക്ക് പാക്യ്ക്ക് ചെയ്യാൻ സഹായിക്കും. ഇരുവരും ചേർന്നാണ് സുഹൃത്തുക്കളുടെ വീടുകളിലും ഓഫിസിലും എത്തിക്കുന്നത്.