അന്ന് മൻമോഹൻ പറഞ്ഞു: ‘ആ ക്രെഡിറ്റ് കിട്ടേണ്ടത് നമുക്കല്ല’; വലിയ നിലയിൽ ചിന്തിക്കാൻ പറ്റുന്ന ആൾ’
Mail This Article
കൊച്ചി∙ ‘‘വലിയ നിലയിൽ ചിന്തിക്കാൻ പറ്റുന്ന ആളായിരുന്നു ഡോ. മൻമോഹൻ സിങ്. പ്രധാനമന്ത്രിയായിരിക്കെ ഒരു ഘടകക്ഷി ഭരിക്കുന്ന വകുപ്പിന്റെ പ്രവർത്തനത്തിന് വലിയ കയ്യടി കിട്ടിയ സാഹചര്യമുണ്ടായി. അന്ന് ഞാനടക്കമുള്ളവർ അദ്ദേഹത്തോട് ചോദിച്ചു, ഈ പദ്ധതിയുടെ കാര്യങ്ങളെല്ലാം തയാറാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസിൽ (പിഎംഒ) നിന്നാണ്. അതുകൊണ്ട് ക്രെഡിറ്റ് നമുക്ക് കൂടി അവകാശപ്പെട്ടതാണ്. പക്ഷേ അത് അദ്ദേഹം നിഷേധിച്ചു. അതിന്റെ ക്രെഡിറ്റ് കിട്ടേണ്ടത് ആ വകുപ്പിനും അതിന്റെ മന്ത്രിക്കുമാണ്. അത് മുതലെടുക്കാൻ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതായിരുന്നു മൻമോഹൻ സിങ്.’’– ബിനോയി ജോബ് പറയുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ 5 വർഷത്തോളം പിഎംഒയിൽ ഡയറക്ടറും പ്രധാനമന്ത്രിയുടെ വക്താവുമായിരുന്നു കുട്ടനാട്ടുകാരനായ ഡോ. ബിനോയി ജോബ്.
‘‘പരസ്യപ്പെടുത്തേണ്ട പല കാര്യങ്ങളും ഉള്ളപ്പോഴും അതിനു പോലും അദ്ദേഹം മടിച്ചു, അത് ചെയ്യാനൊട്ട് സമ്മതിച്ചുമില്ല. അദ്ദേഹത്തിന്റെ നേതൃമികവായിരുന്നു ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്. വ്യക്തിഗത പ്രത്യേകതകൾക്ക് അപ്പുറം പൊതുനയത്തെ അടിസ്ഥാനമാക്കി നേതൃമികവിനെ അദ്ദേഹം മാറ്റിയെടുത്തു എന്നതാണു പ്രധാനം.’’– ബിനോയി ജോബ് പറയുന്നു. കമ്യൂണിക്കേഷൻ, പോളിസി, ലീഡർഷിപ് എൻഗേജ്മെന്റ് എന്നിവയായിരുന്നു പിഎംഒയിൽ ബിനോയി ജോബിന്റെ ഉത്തരവാദിത്തങ്ങൾ.
മാധ്യമപ്രവർത്തകനായി ജോലി ചെയ്യുമ്പോൾ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പിഎംഒയിലെ പ്രിൻസിപ്പൽ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ബ്രിജേഷ് മിശ്രയുമായി ഉണ്ടായ പരിചയമാണ് മൻമോഹൻ സിങ്ങിലേക്കുള്ള വഴി തുറന്നതെന്ന് ബിനോയി പറയുന്നു. കാലം ചെയ്ത കർദിനാൾ ടെലസ്ഫോർ ടോപ്പോ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ അധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഉപദേശകനായും ബിനോയി പ്രവർത്തിച്ചിരുന്നു. പിഎംഒയിലെ കൂടിക്കാഴ്ചയിലൊന്നിലാണ് ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ എന്ന ആശയം കടന്നുവന്നതെന്ന് അദ്ദേഹം പറയുന്നു.
‘‘മറ്റ് സ്ഥലങ്ങളിൽ ശമ്പളത്തിന് ചെക്ക് നല്‍കുമ്പോൾ ഞാൻ ജോലി ചെയ്തിരുന്നിടത്ത് ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു എന്നതാണ് ഇതിന് പ്രചോദനമായത്. എന്നാൽ ഇത് നടപ്പാക്കുന്ന കാര്യത്തിൽ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നു. അങ്ങനെ വാജ്പേയിയാണ് ഇത് പ്രതിപക്ഷവുമായി കൂടി ചർച്ച ചെയ്യാം എന്ന് പറയുന്നത്. അന്ന് മൻമോഹൻ സിങ് രാജ്യസഭാ പ്രതിപക്ഷ നേതാവാണ്. അങ്ങനെയാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് യുപിഎ സർക്കാർ അധികാരത്തിൽ വന്നു. ആ സമയത്ത് ഡോ. മൻമോഹൻ സിങ്ങാണ് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായരെ പരിചയപ്പെടുത്തുന്നത്. അതിനുശേഷം നാലു വർഷത്തോളം ഇരുവരുമായും ചേർന്ന് ഒട്ടേറെ പോളിസി വിഷയങ്ങളിൽ പ്രവർത്തിക്കുകയും എന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്ത ശേഷമാണ് പിഎംഒയിലേക്ക് ക്ഷണിക്കുന്നത്. എന്റെ പിഎച്ച്ഡി ‘ലീഡർഷിപ് സ്ട്രാറ്റജി ഇൻ പബ്ലിക് പോളിസി’യിൽ ആയതും ഒരു കാരണമാവാം’’– ബിനോയി പറയുന്നു.
മന്‍മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ 14 ജില്ലകളിലുമായി 89 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് ബിനോയി പറയുന്നു. ‘‘ദേശീയ തൊഴിലുറപ്പു പദ്ധതി പോലുള്ള ദേശീയ തലത്തിൽ നടപ്പാക്കുന്നവയ്ക്ക് പുറമെയാണിത്. എന്നാൽ ഇതൊന്നും കാര്യമായി പരസ്യപ്പെടുത്തിക്കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ‘‘യോഗീവര്യൻ എന്ന് വിളിക്കാവുന്ന ആളായിരുന്നു മൻമോഹൻ സിങ്. മിതഭാഷിയായിരിക്കുമ്പോഴും ഉറച്ചതായിരുന്നു നിലപാടുകൾ. ചെറിയ പ്രായത്തിലുള്ളവരെ കണ്ടാല്‍ പോലും എഴുന്നേറ്റു നിന്ന് സ്വീകരിക്കുന്നതു പോലുള്ള ശീലങ്ങൾ അദ്ദേഹത്തിന് സ്വതവേ ഉള്ളതാണ്. ഒരിക്കൽ കേരളത്തിലെത്തിയ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയുടെ മകൻ കാണാൻ അനുമതി ചോദിച്ചിരുന്നു. തന്നെ കാണാനെത്തിയ ആ ചെറുപ്പക്കാരനെ പ്രധാനമന്ത്രി സ്വീകരിച്ചത് എഴുന്നേറ്റു നിന്നാണ്’’, ബിനോയി ഓർത്തെടുത്തു.
‘‘അസാധാരണമായ അച്ചടക്കം അദ്ദേഹം ജീവിതത്തിൽ പാലിച്ചിരുന്നു. രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് ഒരു മണിക്കൂർ നടത്തമാണ്. പിന്നീട് പ്രഭാതഭക്ഷണം കഴിയുന്നതോടെ ജോലി ആരംഭിക്കും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമല്ലാതെ ബ്രേക്ക് എടുക്കില്ലായിരുന്നു. ഓരോ കാര്യങ്ങളും ആഴത്തിൽ പഠിക്കുന്നതാണ് ശീലം. ഐഎസ്ആർഒയിൽ നിന്ന് ശാസ്ത്രജ്ഞരൊക്കെ വരുമ്പോൾ ചർച്ചയ്ക്ക് മുമ്പ് വിഷയം ആഴത്തിലും വിശദമായും അദ്ദേഹം പഠിച്ചിരിക്കും. പലപ്പോഴും നിർദേശങ്ങൾ അങ്ങോട്ട് വയ്ക്കാറുമുണ്ട്. അതൊക്കെ പിന്നീട് നടപ്പായിട്ടുമുണ്ട്’’– ബിനോയി പറയുന്നു.
മന്‍മോഹൻ സിങ് രാഷ്ട്രീയക്കാരനല്ലായിരുന്നു എന്നു കേൾക്കാറുള്ളത് ശരിയല്ല എന്നാണ് തന്റെ അഭിപ്രായമെന്ന് ബിനോയി പറഞ്ഞു. ‘‘അദ്ദേഹം മരിക്കുന്നതു വരെ ഒരു മികച്ച രാഷ്ട്രീയ നേതാവു തന്നെയായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ–അമേരിക്ക സിവിൽ ആണവ കരാർ. ഇടതുപക്ഷം പിന്തുണ പിൻവലിച്ചിട്ടും സമാജ്‍വാദി പാർട്ടിയുടെ പിന്തുണയോടെ സർക്കാരിനെ നിലനിർത്തിയതിൽ മൻമോഹൻ സിങ്ങിലെ രാഷ്ട്രീയക്കാരന് വലിയ പങ്കുണ്ട്’’– ബിനോയി കൂട്ടിച്ചേർത്തു. കപിൽ സിബലിനെ മാനവശേഷിയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും മന്ത്രിയാക്കിയത് മൻമോഹൻ സിങ്ങിന്റെ മാത്രം തീരുമാനമായിരുന്നു എന്നും ബിനോയി ഓർക്കുന്നു. ആർജവം, കാര്യക്ഷമത, സാമൂഹിക നയപരിപാടികൾ എന്നിവയ്ക്കായിരുന്നു അദ്ദേഹം വില കൽപ്പിച്ചിരുന്നത്. ധനമന്ത്രിയായിരിക്കുമ്പോൾ സാമ്പത്തിക പരിഷ്കർത്താവായി അറിയപ്പെട്ട ആൾ പ്രധാനമന്ത്രിയായപ്പോൾ നടപ്പാക്കിയത് സാമൂഹികസുരക്ഷാ പദ്ധതികൾ ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്’’– ബിനോയി ജോബ് ചൂണ്ടിക്കാട്ടുന്നു.