ഓരോ 6 മണിക്കൂറിലും ഇന്ത്യക്കാരനെ നാടുകടത്തി ബൈഡൻ സർക്കാർ; ട്രംപ് വരുമ്പോൾ എന്താകും?
Mail This Article
വാഷിങ്ടൻ∙ യുഎസിൽ അടുത്തമാസം അധികാരത്തിലേറുന്ന ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങൾ കടുപ്പിക്കുമെന്നു മുന്നറിയിപ്പ് നൽകിയിരിക്കേ, ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി 2024ലെ കണക്കുകൾ. 2024ൽ ഓരോ ആറു മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസ് നാടുകടത്തിയെന്നാണ് റിപ്പോർട്ട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് (ഐസിഇ)പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2021നെ അപേക്ഷിച്ച് 2024ൽ യുഎസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ 400 % വർധന. 2021ൽ 292 ഇന്ത്യക്കാരെയാണു യുഎസ് നാടുകടത്തിയതെങ്കിൽ 2024ൽ ഇത് 1,529 ആയി ഉയർന്നു. ആഗോളതലത്തിൽ 2021ൽ 59,011 പേരെ യുഎസ് നാടുകടത്തിയപ്പോൾ 2024ൽ ഇത് 2,71,484 ആയി. യുഎസ് കുടിയേറ്റ നിയമത്തിൽ വരുന്ന മാറ്റങ്ങൾ, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ എന്നിവയാണു നാടുകടത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു. 2024ലെ ഈ വർധന നിയമവിരുദ്ധമായി യുഎസിൽ തുടരുന്നവരെ ലക്ഷ്യംവച്ചുള്ളതാകാമെന്നും അധികൃതർ വിലയിരുത്തുന്നു.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന 2019, 2020 വര്‍ഷങ്ങളിലായി 3928 ഇന്ത്യക്കാരെയാണു യുഎസില്‍നിന്ന് നാടുകടത്തിയത്. ജോ ബൈഡൻ ഭരിച്ച നാലു വർഷങ്ങളിൽ 3467 ഇന്ത്യക്കാരെ നാടുകടത്തി. നിലവിൽ ഏതാണ്ട് 18,000ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ യുഎസിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. 2024 നവംബറിൽ ഐസിഇ പുറത്തിറക്കിയ റിപ്പോർട്ടിലാണ് അനധികൃതമായി കുടിയേറിയ 14.4 ലക്ഷം പേർ നാടുകടത്തിൽ ഭീഷണിയിലാണെന്നാണ് പറയുന്നത്. ഇതിൽ 17,490 പേരാണ് ഇന്ത്യക്കാർ. ജനുവരിൽ ട്രംപ് അധികാരത്തിലേറുന്നതിനു മുന്നോടിയായാണു റിപ്പോർട്ട് പുറത്തുവിട്ടത്.