കോഴിക്കോട്ടെ കസേര കളിയിൽ വീണ്ടും ട്വിസ്റ്റ്; രാജേന്ദ്രന് തൽക്കാലം ഡിഎംഒയായി തുടരാമെന്ന് ഹൈക്കോടതി
Mail This Article
കോഴിക്കോട്∙ ഡിഎംഒ തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. കസേരകളിക്ക് പിന്നാലെ അവസാന നറുക്ക് എൻ. രാജേന്ദ്രന്. ഡോ.എൻ. രാജേന്ദ്രന് കോഴിക്കോട് ഡിഎംഒയായി തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം 9 വരെ തൽസ്ഥിതി തുടരാമെന്നാണ് കോടതി ഉത്തരവ്. ജനുവരി 9ന് കേസ് വീണ്ടും പരിഗണിക്കും. രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ കോഴിക്കോട് ഡിഎംഒയായി നിയമിച്ചിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ഡോ.രാജേന്ദ്രൻ, ഡോ.ജയശ്രീ, ഡോ.പീയുഷ് എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഈ മാസം 9നാണ് കോഴിക്കോട് ഡിഎംഒ അടക്കമുള്ളവരുടെ സ്ഥലം മാറ്റ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഈ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാർ. സ്ഥലം മാറ്റത്തിന് മുൻപ് ഉണ്ടായിരുന്നതുപോലെ ഉദ്യോഗസ്ഥർ തുടരണമെന്നാണ് നിർദേശം. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡിഎംഒമാരെയാണ് നേരത്തെ സ്ഥലം മാറ്റിയത്. ഈ ഉത്തരവാണ് മരവിപ്പിക്കുന്നത്. അന്തിമ തീരുമാനം ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷമെടുക്കും.
കോഴിക്കോട് ഡിഎംഒ സ്ഥാനത്തുനിന്ന് ഡോ.രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷനൽ ഡയറക്ടറായും എറണാകുളം ഡിഎംഒയായിരുന്ന ആശാദേവിയെ കോഴിക്കോട് ഡിഎംഒയായി സ്ഥലം മാറ്റുകയും ചെയ്ത് ഉത്തരവിന് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഉത്തരവ് പ്രകാരം ഡിസംബർ 10ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസറായി ഡോ.രാജേന്ദ്രനിൽ നിന്ന് ഡോ.ആശാദേവി ചുമതലയേറ്റെടുത്തു. പിന്നീട് സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടി. ആശാ ദേവി തിരുവനന്തപുരത്ത് പോയ 13ന് രാജേന്ദ്രൻ ഓഫിസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. ഇതേ തുടർന്ന് ആശാദേവി അവധിയിൽ പ്രവേശിച്ചു.
പിന്നാലെ സ്റ്റേ ഉത്തരവിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപിച്ചു. അടിസ്ഥാന അവകാശങ്ങൾ ലംഘിക്കാതെ ഒരു മാസത്തിനുള്ളിൽ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രൈബ്യൂണൽ നിർദേശം നൽകി. ഇതേ തുടർന്നാണ് ട്രൈബ്യൂണലിൽ നിന്ന് തനിക്ക് അനുകൂല ഉത്തരവുണ്ടെന്നറിയിച്ച് ആശാദേവി ഓഫിസിലെത്തി. എന്നാൽ നിയമപരമായി താനാണ് ഡിഎംഒ എന്ന നിലപാടിലായിരുന്നു രാജേന്ദ്രൻ. രണ്ടുപേരും ഒരുമിച്ച് ഡിഎംഒ ഓഫിസിലെത്തിയിരുന്നു. പിന്നാലെ ആശാദേവിയെ ഡിഎംഒ ആക്കാനുള്ള ഉത്തരവ് പാലിക്കാന്‍ ഡിഎച്ച്എസ് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാലിപ്പോൾ കോടതി ഉത്തരവ് രാജേന്ദ്രന് അനുകൂലമായിരിക്കുകയാണ്.