സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം
Mail This Article
ആലപ്പുഴ∙ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തക്ക സമയത്ത് പൊലീസ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. പിന്നാലെയെത്തിയ കാറിൽ കയറി തട്ടിക്കൊണ്ടു പോകൽ സംഘത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. കരുനാഗപ്പള്ളി ചക്കുപള്ളി സ്വദേശി ഷംനാദിനെ (32) ആണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികേകൊണ്ടു പോകാൻ ശ്രമം നടത്തിയത്. ഇന്നലെ രാത്രി ബൈപാസിൽ വിജയ് പാർക്കിന് സമീപത്താണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കളർകോട് ഭാഗത്ത് നിന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കാൻ യുവാവിനെ സംഘം കാറിൽ കയറ്റിയത്. സംസാരം തർക്കത്തിലേക്ക് കടന്നതോടെ കാർ വിജയ് പാർക്ക് ഭാഗത്ത് എത്തിയപ്പോൾ യുവാവ് സ്റ്റിറയിങ്ങിൽ പിടിച്ചു തിരിച്ചു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം ബൈപാസിന്റെ കൈവരിയിൽ ഇടിച്ചു നിന്നു. കാർ നിന്നതോടെ യുവാവ് കാറിൽ നിന്നു പുറത്തു കടന്നു കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടി.
ഇതേസമയം, ബൈപാസിൽ പട്രോളിങ് നടത്തുകയായിരുന്ന ബൈപാസ് ബീക്കൺ പൊലീസിലെ എസ്ഐ: എ.രാധാകൃഷ്ണക്കുറുപ്പ്, സിപിഒ എം.എസ്.സക്കീർ എന്നിവർ സ്ഥലത്തെത്തി. പൊലീസിന് കണ്ട് സംഘത്തിലുണ്ടായിരുന്നവർ പിന്നാലെ വന്ന മറ്റൊരു കാറിൽ കയറി കടന്നു കളയുകയായിരുന്നു. അപകടത്തിൽപെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുകൂട്ടരും പരിചയക്കാരാണെന്നും സാമ്പത്തിക ഇടപാടാണു സംഭവത്തിനു പിന്നിലെന്നും സൗത്ത് ഇൻസ്പെക്ടർ കെ.ശ്രീജിത്ത് പറഞ്ഞു.