‘ക്രൈം നമ്പർ 75, പെരിയ മർഡർ’: കാലം മായിക്കാതെ കാറിലെ ആ രേഖ; ഇലകളും ചെടികളും മൂടിയ തൊണ്ടിമുതൽ!
Mail This Article
കൊച്ചി ∙ കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പിൽ കെഎൽ14 ജെ റജിസ്ട്രേഷനിലുള്ള ഒരു കാർ സൂക്ഷിച്ചിട്ടുണ്ട്. ഇലകളും ചെടികളുമൊക്കെ മൂടിയിട്ടും ‘ക്രൈം നമ്പർ 75 പെരിയ മർഡർ’ എന്ന് രേഖപ്പെടുത്തിയത് പക്ഷേ മാഞ്ഞിട്ടില്ല. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തൊണ്ടിമുതലുകളിലൊന്നാണിത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കൊണ്ടുവന്ന വാഹനമാണിത്. രണ്ടാം പ്രതി സജി ജോർജിന്റെ ഉടമസ്ഥതയിലുള്ളത്.
2019 ഫെബ്രുവരിയില്‍ നടന്ന കൊലപാതകത്തിനു ശേഷം 6 വർഷത്തോളമെടുത്തു അന്വേഷണവും വിചാരണയുമൊക്കെ കഴിയാൻ. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണം കുടുംബങ്ങൾ ഉന്നയിക്കുകയും ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായിരുന്നു.
സിബിഐ അന്വേഷണത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചപ്പോൾ അതിൽ പ്രതികൾ 14നു പകരം 24 ആയി. ഇന്ന് സിബിഐ കോടതി ഇതിൽ 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയ 14 പേരിൽ 10 പേര്‍ ഇന്ന് ശിക്ഷിച്ചവരിൽ ഉൾപ്പെടും. സിബിഐ അധികമായി ഉൾപ്പെടുത്തിയ പ്രതികളിൽ 4 പേരെയുമാണ് ഇന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആറു വർഷത്തിനു ശേഷം പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പറയുന്ന ദിവസമായിരുന്നതിനാൽ പുലർച്ചെ തന്നെ കൊച്ചിയിലെത്തിയിരുന്നു ശരത് ലാലിന്റെ പിതാവ് സത്യനാരായണനും സഹോദരി അമൃതയും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും സഹോദരി കൃഷ്ണപ്രിയയും. പത്തരയോടെ പ്രതികൾ എല്ലാവരെയും കോടതിയിൽ എത്തിച്ചിരുന്നു. 11 മണിക്ക് കോടതി ചേർന്നയുടൻ ജഡ്ജി എൻ.ശേഷാദ്രിനാഥൻ വിധി പറഞ്ഞു.
കൊലപാതകത്തിൽ നേരിട്ടു പങ്കു കൊണ്ട ആദ്യ 8 പ്രതികളായ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സി.ജെ സജി എന്ന സജി ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ശ്രീരാഗ്, എ.അശ്വിന്‍, എ.സുബീഷ്, എന്നിവരും 10ാം പ്രതി ടി.രഞ്ജിത്, 14ാം പ്രതിയും ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്‌ഠൻ, 15 –ാം പ്രതി വിഷ്ണു സുര എന്ന എ.സുരേന്ദ്രൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർ കുറ്റക്കാരാണ് എന്നായിരുന്നു ആ വിധി. ആദ്യ 8 പേർക്കുമെതിരെ കൊലക്കുറ്റവും ഗൂഡാലോചനയും തെളിഞ്ഞപ്പോൾ ബാക്കിയുള്ളവർക്കെതിരെ ഗൂഡാലോചന കുറ്റമാണ് തെളിഞ്ഞത്. ഇതിനിടെ, കൊലപാതകത്തിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാൽ മതിയെന്നും അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്നും 15ാം പ്രതിയുടെ അപേക്ഷ.
ശിക്ഷാ വിധി അറിഞ്ഞയുടൻ തന്നെ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം കോടതിക്കു പുറത്തേയ്ക്കു വന്നിരുന്നു. മാധ്യമങ്ങളോട് തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കിയ ശേഷം പ്രതികൾ പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പ് ആരംഭിച്ചു. ഇതിനിടെ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവർ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ കാണാനെത്തി. ഇടയ്ക്ക് ഒന്നാം പ്രതി പീതാംബരൻ ശുചിമുറി ഉപയോഗിക്കാനായി കോടതിക്ക് പുറത്തേക്ക്. മടങ്ങുന്നതു വഴി അവിടെ കാത്തുനിന്ന സിപിഎം പ്രവർത്തകരുമായി ചെറിയ സംസാരം.
ഉച്ചയ്ക്ക് 1 മണിയോടെ പ്രതികളുമായി പൊലീസ് കോടതി മുറിക്കുള്ളിൽ നിന്ന് പുറത്തേക്ക്. ഈ സമയമത്രയും കോടതി വരാന്തയിൽ കാത്തുനിൽപ്പായിരുന്നു ആ രണ്ടു കുടുംബങ്ങളും. ഭാവവ്യത്യാസമില്ലാതെ പ്രതികൾ പൊലീസ് വാഹനത്തിലേക്ക്. ഇനി ജനുവരി മൂന്നിന് ഇതേ കോടതിയിലേക്ക് തന്നെ തങ്ങളുടെ ഉറ്റവരുടെ ജീവനെടുത്തവരുടെ ശിക്ഷ കേൾക്കാനും ആ 2 കുടുംബങ്ങളുെമത്തും.