ADVERTISEMENT

കൊച്ചി ∙ ഗാലറിയിൽനിന്ന് ആളുകൾ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമാ തോമസ് എംഎൽഎ വേദിയിൽനിന്ന് 15 അടി താഴ്ചയിലേക്ക് വീണത്. നൃത്തസന്ധ്യയിൽ പങ്കെടുക്കാനെത്തിയ വിഐപികൾക്കായി ഒരുക്കിയ വേദിയിൽനിന്ന് അവ‍‍ർ താഴേക്ക് പതിക്കുകയായിരുന്നു. 

പതിനായിരക്കണക്കിന് ആളുകൾ ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങൾ കാണാനെത്തുന്ന സ്റ്റേഡിയമാണ് കലൂരിലേത്. ഇതുവരെ ഇത്തരത്തിലൊരു അപകടം സ്റ്റേഡിയത്തിൽ ഉണ്ടായിട്ടില്ല. സ്റ്റേഡിയത്തിന്റെ പുറത്തുനിന്ന് അകത്തേക്കു പടികൾ കയറി ഒന്നാം നിലയിലേക്കും അവിടെനിന്നു രണ്ടാം നിലയിലേക്കും പ്രവേശിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ ഘടന.

കായിക മത്സങ്ങൾ നടക്കുമ്പോൾ ഗാലറിയുടെ താഴേക്ക് ആളുകൾ പതിക്കാതിരിക്കാൻ കട്ടിയേറിയ കമ്പിവേലിയും ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാറുണ്ട്. കലാപരിപാടിക്കായി തയാറാക്കിയ വേദി ഒന്നാം നിലയിലായിരുന്നു. ഇതിന്റെ മുന്നിലേക്ക് ആളുകൾ പതിക്കാതിരിക്കാൻ റിബൺ ഘടിപ്പിച്ച ചെറിയ ബാരിക്കേഡ് മാത്രമാണ് ഉണ്ടായിരുന്നത്. വേദിയിൽ ആളുകൾക്ക് ഇരിക്കാനും, താഴ്ചയിലേക്ക് വീഴാതെ നടക്കാനുമുള്ള ദൂരം വളരെ കുറവായിരുന്നു.

ഒന്നാം നിലയിലേക്ക് കയറിവന്ന ഉമ അരികിലെ കസേരയിലാണ് ആദ്യം ഇരുന്നത്. തുട‍ർന്ന് വേദിയുടെ നടുക്കുണ്ടായിരുന്നവരെ കാണാനായി മുന്നോട്ടു നടക്കുന്നതിനിടെ വശത്തുണ്ടായിരുന്ന റിബൺ ഘടിപ്പിച്ച ബാരിക്കേഡിൽ പിടിച്ചു. താൽക്കാലികമായി വച്ച ബാരിക്കേഡിൽ പിടിച്ച് ബാലൻസ് നഷ്ടപ്പെട്ട് അവ‍ർ താഴേക്ക് വീണു. കോൺക്രീറ്റ് തറയിലേക്കാണു തലയടിച്ചു വീണത്. സംഘാടകരും സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘവും ഉടനെ ആംബുലൻസിലേക്ക് മാറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.

English Summary:

Kaloor Stadium Accident: Stadium accident exposes severe safety lapses. MLA Uma Thomas's fall from VIP area highlights inadequate safety barriers at the Kochi venue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com