‘നരസിംഹ റാവുവിനെയും പ്രണബ് മുഖർജിയേയും അവഗണിച്ചു’; കോൺഗ്രസ് ആരോപണങ്ങളുടെ മുനയൊടിക്കാൻ ബിജെപി
Mail This Article
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസ് വിമർശനത്തെ നേരിടാൻ നേതാക്കൾക്കു നിർദേശം നൽകി ബിജെപി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കോൺഗ്രസ് വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നാണു ബിജെപിയുടെ ആരോപണം. നരസിംഹ റാവുവിനെയും പ്രണബ് മുഖർജിയേയും അവഗണിച്ചതു ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാണു ബിജെപിയുടെ നീക്കം.
മൻമോഹൻ സിങ്ങിന്റെ സംസ്കാരത്തിൽ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികളിലേക്ക് അടക്കം കടക്കാനാണ് കോൺഗ്രസ് തീരുമാനം. തന്റെ പിതാവ് മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി ചേർന്ന് അനുശോചന പ്രമേയം പാസാക്കിയില്ലെന്ന പ്രണബ് മുഖർജിയുടെ മകളുടെ ആരോപണം ബിജെപി ഏറ്റെടുക്കും.
ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ അനുവദിച്ചില്ലെന്നും സിങ്ങിന്റെ കുടുംബത്തെ പോലും കാണിക്കാതെ ക്യാമറ അമിത് ഷായേയും നരേന്ദ്ര മോദിയേയും കേന്ദ്രീകരിച്ചുവെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു. മൻമോഹൻ സിങ്ങിന്റെ കുടുംബത്തിനു മുൻ നിരയിൽ 3 കസേരകൾ മാത്രമാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ പെൺമക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സീറ്റ് വേണമെന്നു കോൺഗ്രസ് നേതാക്കൾക്കു നിർബന്ധിക്കേണ്ടിവന്നു. മൻമോഹൻ സിങ്ങിന്റെ ഭാര്യയ്ക്കു ദേശീയ പതാക കൈമാറുമ്പോഴോ ഗാർഡ് ഓഫ് ഓണർ നൽകിയപ്പോഴോ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. കുടുംബത്തിനു ചിതയ്ക്കു ചുറ്റും മതിയായ ഇടം നൽകിയില്ല. പൊതുജനങ്ങളെ ചടങ്ങിൽനിന്നു ഒഴിവാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തിയെന്നും ആരോപണമുണ്ട്. കുടുംബത്തിൽനിന്നും വന്നവരെ പുറത്തുനിർത്തി ഗേറ്റ് അടച്ചു. ചടങ്ങുകൾ നിർവഹിക്കുന്ന മൻമോഹൻ സിങ്ങിന്റെ കൊച്ചുമക്കൾക്കു ചിതയ്ക്കരികിലേക്ക് എത്താനായി ഓടേണ്ടി വന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.