‘പൗരന്മാർക്ക് വഴികാട്ടി’; രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന ക്യാംപെയിൻ തുടങ്ങുമെന്ന് മോദി
Mail This Article
ന്യൂഡൽഹി∙ രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന ക്യാംപെയിൻ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പൗരന്മാരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘2025 ജനുവരി 26 ന് നമ്മുടെ ഭരണഘടന അതിന്റെ 75 വർഷം പൂർത്തിയാക്കും. നമുക്കെല്ലാവർക്കും അത് അഭിമാനകരമായ കാര്യമാണ്. ഭരണഘടന നമുക്ക് വഴികാട്ടുന്ന വെളിച്ചമാണ്. നമ്മുടെ വഴികാട്ടിയാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.
‘‘പൗരന്മാരെ ഭരണഘടനയുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിനു പ്രത്യേക വെബ്‌സൈറ്റ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതിൽ, ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടു നിങ്ങളുടെ വിഡിയോ അപ്‌ലോഡ് ചെയ്യാം. നിങ്ങൾക്ക് വിവിധ ഭാഷകളിൽ ഭരണഘടന വായിക്കാനും ഭരണഘടനയെ കുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും കഴിയും. മൻ കി ബാത്ത് ശ്രോതാക്കളും സ്‌കൂളുകളിൽ പോകുന്ന കുട്ടികളും കോളജിൽ പോകുന്ന യുവജനങ്ങളും തീർച്ചയായും ഈ വെബ്‌സൈറ്റ് സന്ദർശിച്ച് അതിന്റെ ഭാഗമാകാൻ അഭ്യർഥിക്കുന്നു.’’ – മോദി പറഞ്ഞു.