ADVERTISEMENT

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി ഡോക്ടർമാർ. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സ്കാനിങിൽ തലയ്ക്കു പരുക്കുണ്ടെന്നു കണ്ടെത്തി. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടയിലാണ് ഉമ ‌വീണത്. വേദിക്കു മുന്നിലെ ബാരിക്കേഡിൽ സ്ഥാപിച്ചിരുന്ന റിബണിൽ പിടിച്ചപ്പോൾ താഴേക്ക് വീഴുകയായിരുന്നു. ഉമാ തോമസിനെ പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കോട്ടയം, എറണാകുളം മെഡിക്കൽ കോളജിലെ ഡോക്ടർമാരും സംഘത്തിനൊപ്പം ചേരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും തുടർ തീരുമാനം.

ശ്വാസകോശത്തിലെയും തലച്ചോറിലെയും പരുക്കാണു ഗുരുതരം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ പരുക്കുകൾ സാരമുള്ളതല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. മന്ത്രിമാരായ പി.രാജീവും സജി ചെറിയാനും കോൺഗ്രസ് നേതാക്കളും ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് വിദഗ്ധ ചികിത്സ നൽകുമെന്ന് പി.രാജീവ് പറഞ്ഞു.

വേദിയിൽ സുരക്ഷാവീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. എംഎൽഎ താഴേക്കുവീണ് കോൺക്രീറ്റിൽ തലയിടിച്ചു. രക്തം വാർന്ന് ഒഴുകിയതോടെ ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

English Summary:

Uma Thomas Health Update: MLA Uma Thomas is critically injured after a fall at the Kaloor stadium during an event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com